ന്യൂദല്‍ഹി: റൈറ്റ് സഹോദരന്‍മാര്‍ക്ക് മുമ്പ് വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്ന വാദവുമായി കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ്. കോളേജുകളില്‍ ഇതാണ് ആദ്യം പഠിപ്പിക്കേണ്ടതെന്നും സത്യപാല്‍ സിംഗ് പറഞ്ഞു. റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് എട്ടുവര്‍ഷം മുമ്പ് ശിവ്കര്‍ ബാബുജി എന്നയാള്‍ വിമാനം കണ്ടുപിടിച്ചിരുന്നെന്നും രാമായണത്തിലെ പുഷ്പക വിമാനത്തെക്കുറിച്ചൊക്കെ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വകര്‍മ്മാവിനെക്കുറിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നും സത്യപാല്‍ പറഞ്ഞു. പുരാതന ഇന്ത്യയിലെയും പുരാണങ്ങളിലെയും കണ്ടുപിടുത്തങ്ങളെക്കുറിച്ച് പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.


Also Read: മുത്തലാഖില്‍ കണ്ണീരൊഴുക്കിയവര്‍ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ല; വിഷയത്തില്‍ ജുഡീഷ്യറി സ്വീകരിച്ച നിലപാടെന്തെന്നും ആനി രാജ


‘ പുരാണങ്ങളില്‍ നിന്ന് നിരവധി ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ പ്രചോദനമാകണം. രാമായണത്തില്‍ ചന്ദ്രമണിയുള്ള ചെടികള്‍ നനയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു.’

നേരത്തെ പ്ലാസ്റ്റിക് സര്‍ജറി കണ്ടുപിടിച്ചത് ഇന്ത്യയ്ക്കാരാണെന്ന് പുരാണത്തിലെ ഗണപതിയുടെ മുഖം മാറ്റിവെച്ചതിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പുഷ്പകവിമാനമാണ് റൈറ്റ് സഹോദരന്‍മാരെ വിമാനത്തിന്റെ കണ്ടുപിടിച്ചതെന്നു പറഞ്ഞ് നേരത്തെയും ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പരശുരാമനാണ് ലോകത്തിലെ ആദ്യത്തെ എഞ്ചിനീയറെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.