ന്യൂദല്‍ഹി: മാധവ് ഗാഡ്ഗില്‍ സമിതി അനുമതി നിഷേധിച്ച കര്‍ണാടകത്തിലെ ഗുണ്ടിയ ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. ഗാഡ്ഗില്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ അശാസ്ത്രീയവും അപാകതകള്‍ നിറഞ്ഞതാണെന്നും കാണിച്ചാണ് പദ്ധതിക്ക് മന്ത്രാലയം അനുമതി നല്‍കിയത്. ജൈവ വൈവിദ്ധ്യത്തെപ്പറ്റി ഉപരിപ്ലവമായ പ്രസ്താവനകള്‍ മാത്രമാണ് ഗാഡ്ഗില്‍ സമിതി നടത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

Ads By Google

കര്‍ണാടക വൈദ്യുതി വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനം. കേരളത്തിന്റെ അതിരപ്പിള്ളി പദ്ധതിക്കൊപ്പമാണ് ഗാഡ്ഗില്‍ സമിതി ഗുണ്ടിയ പദ്ധതിക്കും അനുമതി നിഷേധിച്ചത്. ഗുണ്ടിയ ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കുന്നത് അതിരപ്പിള്ളിക്കും അനുകൂലമകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പശ്ചിമഘട്ടത്തിന് ഇനിയും അണക്കെട്ടുകള്‍ താങ്ങാന്‍ ശേഷിയുണ്ടോയെന്നത് അടിയന്തരമായി പഠിക്കാനും വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ്ധ സമിതി പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.