ന്യൂദല്‍ഹി: ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തിന് ഹിന്ദുത്വ നേതാവിന്റെ പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. തുറമുഖത്തിന് ദീനദയാല്‍ ഉപാധ്യായയുടെ പേരിടാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കാന്‍ തീരുമാനമായി.

രാജ്യത്തെ പ്രധാനപ്പെട്ട 12 തുറമുഖങ്ങളില്‍ ഒന്നാണ് കാണ്ട്‌ല. രാജ്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയെന്ന നിലയ്ക്കാണ് തുറമുഖത്തിന് ദീനദയാലിന്റെ പേര് നല്‍കുന്നതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വിശദീകരിച്ചു.


Also Read: ജനരക്ഷാ യാത്ര കഴിഞ്ഞ് മടങ്ങിയ ബി.ജെ.പിക്കാര്‍ ബൈക്ക് യാത്രക്കാരെ നഗ്നരാക്കി മര്‍ദ്ദിച്ചു; പൊലീസിന് നേരെയും അക്രമം


തുറമുഖങ്ങള്‍ക്ക് അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരാണ് പൊതുവേ നല്‍കാറുള്ളത്. അപൂര്‍വം അവസരങ്ങളില്‍ ചരിത്രനായകരുടെ പേരും നല്‍കാറുണ്ട്.

എന്നാല്‍ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ നേതാവായിരുന്ന ദീനദയാല്‍ ഉപാധ്യായയുടെ പേര് തുറമുഖത്തിന് നല്‍കുന്നത് സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കം.