എഡിറ്റര്‍
എഡിറ്റര്‍
കപ്പല്‍ വെടിവെപ്പ്: വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഗതാഗതം നിരോധിച്ചു
എഡിറ്റര്‍
Wednesday 28th March 2012 5:36pm

ന്യൂദല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രി ജി.കെ വാസന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഷിപ്പിങ് മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. കേരള തീരത്ത് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുണ്ടായ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവമുള്‍പ്പെടെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

നേരത്തെ സോമാലിയന്‍ തീരത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കെതിരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് ഈ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ ഇന്ത്യന്‍ സമുദ്ര തീരം തുറന്നുകൊടുത്തത്. ഇങ്ങിനെ നല്‍കിയ അനുമതി വഴിയെത്തിയ ഇറ്റാലിയന്‍ കപ്പലില്‍ നിന്നാണ് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പുണ്ടായതും രണ്ട് പേര്‍ മരിച്ചതും. കേരളമുള്‍പ്പെടെ തീരപ്രദേശത്ത് ഇത് വലിയ ആശങ്കയുയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സി വിട്ടുകൊടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. കപ്പല്‍ വിട്ടുതരണമെന്നും കപ്പല്‍ ഇവിടെ തുടരുന്നത് കാരണം തങ്ങള്‍ക്ക് വന്‍തുകയാണ് നഷ്ടമാവുന്നതെന്നും കപ്പല്‍ കമ്പനി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമേ ഇക്കാര്യം പരിഗണിക്കാനാവൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Malayalam News

Kerala News in English

Advertisement