ന്യൂദല്‍ഹി: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പരമ്പരയ്ക്കായി ഡിസംബര്‍ 22 ന് പാക് ടീം ഇന്ത്യയിലെത്തും.

ചെന്നൈ, ദല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഏകദിന മല്‍സരങ്ങള്‍ നടക്കുക. ബാംഗ്ലൂരിലും അഹമ്മദാബാദിലുമായി ട്വന്റി-20 മല്‍സരങ്ങളും നടക്കും.

Ads By Google

2008 ലെമുംബൈ ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ പാക് ടീം ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. എന്നാല്‍ വരുന്ന ഡിസംബറിലും ജനുവരിയിലുമായി നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലാണ് പാക് ടീമിന് പങ്കെടുക്കുന്നതിനുള്ള അനുമതി ആഭ്യന്തരമന്ത്രാലയം നല്‍കിയത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി കാത്തിരുന്ന പാക്കിസ്ഥാന്‍, ഡിസംബറില്‍ നടത്താനിരുന്നിരുന്ന സിംബാബ്‌വേ പര്യടനം മാറ്റിവച്ചിരുന്നു. കഴിഞ്ഞ ജൂലായ് മാസത്തിലാണ് ബി.സി.സി.ഐ. ഇന്ത്യാപാക് ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്ഥാന്‍ ടീമിനെ ക്ഷണിച്ചത്. പാക് അധികൃതര്‍ ഇത് സ്വാഗതം ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല.

2007 ലാണ് ഇതിന് മുമ്പ് പാക് ടീം ഇന്ത്യയിലെത്തിയത്. കറാച്ചി കേന്ദ്രമായി നടന്ന ഗൂഡാലോചനയാണ് മുംബൈ ആക്രമണമെന്ന് ഇന്ത്യ തെളിവുസഹിതം പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത പാക് പൗരന്‍ അജ്മല്‍ കസബ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി ജയിലിലാണ്.