ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ നൂറുകണക്കിന് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരും അംഗങ്ങളും രാജിവെച്ച സാഹചര്യത്തില്‍, അതിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.

Ads By Google

മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജിവെക്കുകയാണെന്ന് എണ്ണൂറോളം ഗ്രാമപഞ്ചായത്ത് അധ്യക്ഷരും അംഗങ്ങളും പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കി ജനങ്ങളെ അറിയിച്ചിരുന്നു.

ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, അമ്പതോളം പേരുടെ രാജിക്കത്തേ കിട്ടിയിട്ടുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ബാരാമുള്ള ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനെ സെപ്റ്റംബറില്‍ ഭീകരര്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് കൂട്ടരാജി.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്ന് ആഭ്യന്തരമന്ത്രി ഷിന്‍ഡേ അഭ്യര്‍ഥിച്ചു.