ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് പ്രത്യേക നിയമപരിരക്ഷ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

Ads By Google

Subscribe Us:

ആയുധവുമായി രാജ്യത്തെത്തി കുറ്റകൃത്യം നടത്താന്‍ വിദേശികളെ അനുവദിക്കാനാകില്ല. ഇതിനെതിരെ ശക്തമായ നടപടിയെടുക്കേണ്ട ബാധ്യത രാജ്യത്തിനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ട്. വിദേശികള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിമയത്തില്‍ വ്യവസ്ഥയുണ്ട്. നയതന്ത്ര പ്രതിനിധികള്‍ക്ക് മാത്രമേ പ്രത്യേക പരിഗണന നല്‍കാനാവൂവെന്നും കേന്ദ്രം അറിയിച്ചു.

നാവികര്‍ കപ്പലിലെ സുരക്ഷാ ജീവനക്കാര്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കൊല്ലം തീരത്ത് വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയതാണ് കേസ്. ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന നാവികരായിരുന്നു വെടിയുതിര്‍ത്തത്.