ന്യൂദല്‍ഹി:സംസ്ഥാനത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി  കേന്ദ്രസര്‍ക്കാര്‍ 62.61 കോടി രൂപ അനുവദിച്ചു.

Ads By Google

കേന്ദ്രത്തിലെ വിവിധ മന്ത്രാലയസമിതികളുടെ ശുപാര്‍ശപ്രകാരമാണ് സഹായം അനുവദിച്ചതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു

കേരളത്തിലെ എല്ലാ ജില്ലകളെയും വരള്‍ച്ചബാധിച്ചതായി കേരളം ചൂണ്ടിക്കാട്ടി 492.80 കോടി രൂപയുടെ വരള്‍ച്ചാ സഹായമാണ് കേരളം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്.

കാര്‍ഷികവിളകളുടെ നഷ്ടമാണ് പ്രധാനം-ഇതിനായി 135.93 കോടിയും ശുദ്ധജല വിതരണം മെച്ചപ്പെടുത്താന്‍ 101.58 കോടിയും പമ്പുകളും കുളങ്ങളും പുനര്‍നിര്‍മിക്കാന്‍ 96.02 കോടി രൂപയും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ആവശ്യപ്പെട്ട തുക അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല.

കേന്ദ്ര കൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷണിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ വരള്‍ച്ചാ ദുരിതാശ്വാസസംഘം താമസിയാതെ കേരളം സന്ദര്‍ശിക്കുമെന്ന് വരള്‍ച്ചാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ ഉപസമിതി യോഗത്തിനുശേഷം മന്ത്രി തോമസ് പറഞ്ഞു.

ധനകാര്യം, ആസൂത്രണക്കമ്മീഷന്‍, ശുദ്ധജല വിതരണം, ഗ്രാമീണ വികസനം, ജലവിഭവം, മൃഗസംരക്ഷണം, ഫിഷറീസ്, കാര്‍ഷികവിള എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാവും.

അതേസമയം മഹാരാഷ്ട്രക്ക് 1,207 കോടി രൂപയാണ് കേന്ദ്രം  അനുവദിച്ചത്. 1,801 കോടിയുടെ പാക്കേജ് വേണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.