ന്യൂദല്‍ഹി: വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. രണ്ട് മാസത്തിനുള്ളില്‍ 600 മില്യണ്‍ ഡോളര്‍ കണ്ടെത്താനായില്ലെങ്കില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടിയേക്കുമെന്ന് സെന്റര്‍ ഫോര്‍ ഏഷ്യ പെസഫിക് ഏവിയേഷന്‍.

Ads By Google

‘ പ്രമോട്ടര്‍മാരുടെ ഫണ്ടിങ് കാരണമാണ് കിങ്ഫിഷറിന് ഇപ്പോഴും തുടരാനാവുന്നത്. നഷ്ടം കൂടുകയാണെങ്കില്‍ ഈ നിലയില്‍ കമ്പനിക്ക് തുടര്‍ന്ന് പോകാനാവില്ല. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പ്രമോട്ടര്‍മാര്‍ 133.9 മില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്. പക്ഷെ,  ഇതുകൊണ്ടൊന്നും ഈ എയര്‍ലൈന്‍ കമ്പനിക്ക് നിലനില്‍ക്കാനാവില്ല’ സി.എ.പി.എ പറഞ്ഞു.

അടുത്ത 30-60 ദിവസത്തിനുള്ളില്‍ 600മില്യണ്‍ ഡോളര്‍ മൂലധനം ലഭിച്ചില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്നും സി.എ.പി.എ പറഞ്ഞു. കമ്പനിക്ക് വന്‍കടബാധ്യതയുള്ളതിനാല്‍ ബാങ്കുകള്‍ സഹായകരമായ നിലപാടെടുക്കാന്‍ സാധ്യത കുറവാണെന്നും അവര്‍ പറഞ്ഞു.

ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ഇടയ്ക്കിടെ സമരം നടത്തുന്നതും കമ്പനിയെ ബാധിച്ചിട്ടുണ്ട്. ജൂലൈയില്‍ കമ്പനിയുടെ മാര്‍ക്കറ്റ് ഏറ്റവും താഴ്ന്ന (3.4%) നിലയിലെത്തിയിരുന്നു. 2012-2013 വര്‍ഷത്തില്‍ കമ്പനിക്ക് 220-260 മില്യണ്‍ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 2012 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ നഷ്ടം 650.78 കോടി രൂപയായിരുന്നു.

2012-2013 വര്‍ഷത്തില്‍ എയര്‍ഇന്ത്യയ്ക്ക് ഒരു ബില്യണ്‍ ഡോളറായി നഷ്ടം കുറയ്ക്കാനാകുമെന്നും സി.എ.പി.എ നിരീക്ഷിക്കുന്നു. ആഭ്യന്തര സര്‍വീസുകള്‍ സജീവമായതിനാലാണിത്. നേരത്തെ എയര്‍ ഇന്ത്യയ്ക്ക് 1.3ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് സി.എ.പി.എ പറഞ്ഞിരുന്നു.