ന്യൂദല്‍ഹി: കൃഷ്ണയ്യര്‍ അധ്യക്ഷനായ കമ്മീഷന്‍ സമര്‍പ്പിച്ച വനിതാ-ശിശുക്ഷേമ ബില്ലിലെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ബില്ലിലെ നിര്‍ദേശങ്ങള്‍ അസംബന്ധവും അപ്രായോഗികവുമാണെന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി ഗുലാം നബി ആസാദ് പ്രതികരിച്ചു. കുട്ടികളുടെ എണ്ണം നോക്കി ആനുകൂല്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ നിര്‍ദേശിച്ചതു പോലുള്ള കാര്യങ്ങള്‍ ഇന്ത്യയില്‍ ഒരിടത്തും നടപ്പിലാക്കിയിട്ടില്ല്. കൃഷ്ണയ്യരെ പോലെ സമുന്നതനായ ഒരാളുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത് എന്നതു കൊണ്ട് അത് സ്വീകാര്യമാകേണ്ടതില്ല. നിലനില്‍ക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ നാം ഉള്‍ക്കൊള്ളണമെന്നും ഗുലാം നബി വ്യക്തമാക്കി. കമ്മിഷന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്ക മാത്രമായി പ്രശ്‌നത്തെ ചുരുക്കി കെട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടിലധികം കുട്ടികളുണ്ടായാല്‍ രക്ഷിതാക്കള്‍ക്ക് പിഴയിടണം, സുരക്ഷിതമായ ഗര്‍ഭഛിദ്രം പ്രോത്സാഹിപ്പിക്കണം തുടങ്ങിയവയാണ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ പ്രധാനമായവ.