എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ കേന്ദ്രീകൃത ചിത്രമെന്ന് പറഞ്ഞ് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു
എഡിറ്റര്‍
Friday 24th February 2017 11:43am

ന്യൂദല്‍ഹി: പ്രകാശ് ഝായുടെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചതിന് പ്രധാന കാരണമായി സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയത് ചിത്രം സ്ത്രീകേന്ദ്രീകൃതമാണെന്നതാണ്.

‘ഈ സിനിമ സ്ത്രീ കേന്ദ്രീകൃതമാണ്. ജീവിതത്തിനു മുകളിലുള്ള അവരുടെ മനോരാജ്യങ്ങളാണ്. ഇതില്‍ മോശമായ സെക്ഷ്വല്‍ സീനുകളും അശ്ലീല പദപ്രയോഗങ്ങളും ഓഡിയോ പോണോഗ്രാഫിയുമുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ അല്പം മോശമാക്കുന്നുമുണ്ട്.’ എന്നീ കാരണങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്.

പുരുഷാധിപത്യത്തെ വെല്ലുവിളിക്കുന്ന ചിത്രമായതിനാലാണ് തന്റെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് ചിത്രത്തിന്റെ സംവിധായിക അലംകൃത ശ്രീവാസ്തവ പറഞ്ഞു. ‘ ശക്തമായ സ്ത്രീശബ്ദമുയര്‍ത്തുന്ന ഒരു ഫെമിനിസ്റ്റ് ചിത്രമാണിത്. ഇത് പുരുഷാധിപത്യത്തെ വെല്ലുവിളിക്കുന്നു. എനിക്കു തോന്നുന്നത് ഇതുകൊണ്ടാണ് അവര്‍ സര്‍ട്ടിഫൈ ചെയ്യാത്തതെന്നാണ്. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ ശക്തമായി മുന്നോട്ടുപോകും. അവസാനംവരെ പോരാടുകയും ചെയ്യും.’ അവര്‍ വ്യക്തമാക്കി.

പുനപരിശോധന കമ്മിറ്റിയില്‍ നിന്നും ഔദ്യോഗികമായ അറിയിപ്പു ലഭിച്ചശേഷം ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രകാശ് ഝാ വ്യക്തമാക്കി. രാജ്യത്തെ യുവസംവിധായകരെ നിരുത്സാഹപ്പെടുത്താനാണ് സെന്‍സര്‍ബോര്‍ഡ് ശ്രമിക്കുന്നതെന്നും പ്രകാശ് ഝാ കുറ്റപ്പെടുത്തി.

മുംബൈ ചലച്ചിത്രമേളയിലും വിദേശ ചലച്ചിത്രമേളകളിലും ഏറെ പ്രശംസപിടിച്ചുപറ്റിയ ചിത്രമായിരുന്നു ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ. മുംബൈ ചലച്ചിത്ര മേളയില്‍ ലിംഗസമത്വ വിഷയത്തിലുള്ള മികച്ച ചിത്രത്തിനുള്ള ഓക്സ്ഫാം പുരസ്‌കാരം ലഭിച്ചിരുന്നു. ടോക്കിയോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ സ്പിരിറ്റ് ഓഫ് എഷ്യ പ്രൈസ് പുരസ്‌കാരവും ലഭിച്ചിരുന്നു.

കോന്‍കോന സെന്‍ ശര്‍മ്മ, രത്ന പതക് ഷാ, അഹാന കുമ്ര, പ്ലെയ്റ്റ് ബൊര്‍താകുര്‍, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement