കൊല്‍ക്കത്ത:  ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വിവാദമായ ബംഗാളി ചലച്ചിത്രം കങ്കള്‍ മന്‍സതിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു.

സുമന്‍ മുഖോപാധ്യായ് സംവിധാനം ചെയ്ത ചിത്രത്തില്‍ പശ്ചിമബംഗാളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സിംഗൂര്‍ സംഭവം പ്രതിപാദിക്കുന്നുണ്ട്. സംഭവത്തില്‍ മമതയുടെ സമീപനത്തെ ചിത്രം വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

Ads By Google

Subscribe Us:

ടാറ്റയുടെ പിന്മാറ്റത്തെ ചിത്രീകരിക്കുന്ന രംഗത്തില്‍ സിംഗൂര്‍ വിരുദ്ധ നീക്കത്തെ  നെഗറ്റീവ് ലൈറ്റില്‍ കാണിക്കുന്നു എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിരീക്ഷണം.

നേരത്തേ മമതാ ബാനര്‍ജിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി സംവിധായകന്‍ കോടതിയെയും സമീപിച്ചിരുന്നു.

മമതാ ബാനര്‍ജിക്കെതിരായ പരാമര്‍ശം നീക്കം ചെയ്യാന്‍ സംവിധായകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.

സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ കടമായാണെന്നും ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ കാര്യങ്ങളിലും സംഭവത്തിലുള്ള തന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധിക്കാത്തത് നിരാശാജനകമാണെന്നും സംവിധായകന്‍ സുമന്‍ മുഖോപാധ്യായ പറഞ്ഞു.

തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ എന്തിന് സദാചാര പോലീസ് കളിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.