തിരുവനന്തപുരം: സിമന്റ് സമരം പിന്‍വലിച്ചു. ഇന്ന് മുതല്‍ സിമന്റ് വിതരണം പുനരാരംഭിക്കുമെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മന്ത്രി കെ.എം. മാണിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് സിമന്റ് ട്രക്കുകളില്‍ കടത്തുമ്പോള്‍ നല്‍കേണ്ട ഡെലിവറി നോട്ട് ഓണ്‍ലൈനായിട്ട് മാത്രമല്ല നേരിട്ട് കടലാസിലും നല്‍കാം. ട്രെയിനില്‍ വരുന്ന സിമന്റ് 250 ലോറിയിലേറെ ഉണ്ടാവുമെന്നും ഓരോ ലോറിക്കും ഡെലിവറി നോട്ട് ഓണ്‍ലൈനില്‍ നല്‍കുമ്പോള്‍ വന്‍ കാലതാമസമുണ്ടാകുന്നുവെന്നുമായിരുന്നു പരാതി.

Ads By Google

സിമന്റ് കമ്പനികളില്‍നിന്ന് ക്രെഡിറ്റ് നോട്ട് വഴി ലഭിക്കുന്ന ഡിസ്‌കൗണ്ടുകള്‍ക്ക് വാറ്റ് നികുതി ചുമത്തുന്നതൊഴിവാക്കണമെന്ന ആവശ്യം നിയമവകുപ്പിനെക്കൊണ്ട് പരിശോധിച്ച് ഒരു മാസത്തിനകം തീരുമാനം അറിയിക്കാമെന്ന് മന്ത്രി മാണി അറിയിച്ചു.

കോടതി വിധികളും എജിയുടെ പരാമര്‍ശവും മറ്റുമുള്ളതിനാലാണ് നിയമവകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സിമന്റിനെ നോട്ടിഫൈഡ് ഗുഡ്‌സ് പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവും പഠിച്ച് തീരുമാനമെടുക്കുന്നതാണ്.

വാറ്റ് നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയൂ. സിമന്റ് ലോറികളില്‍ കടത്തുമ്പോള്‍ ഡെലിവറി നോട്ട് മതിയാകും.

വില്‍പനയുടെ ബില്‍ ഇനി ആവശ്യമില്ല. ഇതിനാവശ്യമായ നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. വാഹന പരിശോധനയില്‍ അനാവശ്യ പീഡനം  ഒഴിവാക്കാനും നിര്‍ദേശം നല്‍കും.