എഡിറ്റര്‍
എഡിറ്റര്‍
കരുണാകരന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ലെന്ന് മുരളീധരന്‍: സിനിമയിലുള്ളത് സത്യമെന്ന് കമല്‍
എഡിറ്റര്‍
Saturday 23rd February 2013 2:33pm

കോഴിക്കോട്: ജെ.സി ഡാനിയേലിന്റെ കഥ പറഞ്ഞ് 2012 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴെണ്ണവും കരസ്ഥമാക്കിയ സെല്ലുലോയ്ഡ് വിവാദത്തില്‍.

ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍,  എന്നിവര്‍ക്കെതിരായ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ജെ.സി ഡാനിയേലിന് സാംസ്‌കാരിക മണ്ഡലത്തിലും ചലച്ചിത്ര മേഖലയിലും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയതിന് പിന്നില്‍ മലയാറ്റൂരൂം കെ.കരുണാകരനുമായിരുന്നുവെന്ന് സിനിമയില്‍ പരോക്ഷമായി പറയുന്നുണ്ട്.

Ads By Google

അന്ന് സാംസ്‌കാരിക സെക്രട്ടറിയായ  മലയാറ്റുര്‍ രാമകൃഷ്ണനെ എം. രാമകൃഷ്ണ അയ്യരായാണ് ചിത്രീകരിച്ചിരിക്കുന്നത്. സാഹിത്യകാരന്‍, വയലാറിന്റെസുഹൃത്ത് എന്നിങ്ങനെ വിശദീകരിച്ച് അത് മലയാറ്റൂരാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.

അന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന കെ.കരുണാകരനും മലയാറ്റൂരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും സിനിമയില്‍ സൂചനയുണ്ട്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

അതേസമയം സിനിമയുടെ പബ്ലിസിറ്റിക്കായി കെ.കരുണാകരനെ വലിച്ചിഴച്ചത് ശരിയായില്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പ്രതികരിച്ചു. ആയിരം കമല്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിച്ഛായ തകര്‍ക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സിനിമക്കെതിരെ മറ്റു ചില  കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് ഇത്തരമൊരു സിനിമക്ക് അംഗീകാരം നല്‍കിയതാണ് ഇതിന് കാരണം.

മലയാറ്റൂരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

അതിനിടെ, സിനിമയില്‍ താന്‍ ചിത്രീകരിച്ചത് യഥാര്‍ഥ ചരിത്രം മാത്രമാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ചേലങ്ങോട്ടിന്റെ കൃതിയില്‍ കെ.കരുണാകരനെയും മലയാറ്റൂരിനെയും പേരെടുത്തു പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ ഗ്രന്ഥത്തെ അവലംബിച്ച് തയാറാക്കിയ സിനിമയില്‍  ഇക്കാര്യം ചിത്രീകരിക്കുക സ്വഭാവികമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ഉള്ളത് സത്യമാണ്. കരുണാകരനേയും മലയാറ്റൂരിനേയും കുറിച്ച് സമാന ആരോപണങ്ങള്‍ വന്നിരുന്നു. ചേലേങ്ങാട് എഴുതിയത് നിഷേധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇരുവരുമായും തനിക്ക് അടുപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആശയക്കുഴപ്പമുണ്ടായിരുന്നു. പിന്നെ സിനിമയോട് നീതി പുലര്‍ത്താനായിരുന്നു തന്റെ തീരുമാനമെന്നും കമല്‍ വ്യക്തമാക്കി.

Advertisement