എന്തിലും ഏതിലും സെലിബ്രിറ്റികളെ അണിനിരത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. സെലിബ്രിറ്റികളുടെ ക്രിക്കറ്റ് ഈയടുത്ത് നമ്മള്‍ കണ്ടു. ഇനിവരുന്നത് സെലിബ്രിറ്റി നാടകമാണ്. മലയാള സിനിമയിലെ താരസുന്ദരികളായ പത്മപ്രിയയും  ആന്‍ അഗസ്റ്റിനുമാണ് സിനിമയുടെ തിരക്കുകള്‍ക്കിടയിലും നാടകത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ, സംവിധായകനായ വി.കെ പ്രകാശ് തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ഇപ്പോള്‍ നാടകത്തിരക്കിലാണ്.

നാടകകൃത്തും സംവിധായകനുമായ ജയപ്രകാശ് കുളൂരാണ് ഈ സെലിബ്രിറ്റി നാടകത്തിന്റെ സംവിധായകന്‍. ലോകത്തിലെ ഏത് കോണിലും അവതരിപ്പിക്കാന്‍ പാകത്തില്‍ 4 പ്ലേ എന്ന പേരില്‍ നാല് ഇംഗ്ലീഷ് ലഘുനാടകങ്ങളാണ് ഇവര്‍ ഒരുക്കുന്നത്. ആന്റണ്‍ചെക്കോവിന്റെ ദി ബിയര്‍, ഡെത്ത് ഓഫ് ക്ലാര്‍ക്ക് എന്നീ കഥകള്‍, ഡെത്ത് ഓഫ് ക്ലാര്‍ക്ക്, ജയപ്രകാശ് കുളൂരിന്റെ എന്താണമ്മേ ഉണ്ണ്യേട്ടന്‍, ദി ബ്രിഡ്ജ് എന്നീ മലയാളനാടകങ്ങളുമാണ് ഇവര്‍ പുതുരൂപത്തില്‍ തയ്യാറാക്കുന്നത്.

ഡെത്ത് ഓഫ് ക്ലാര്‍ക്ക് എന്ന കഥ ഇറ്റ് ഒ.കെ എന്ന പേരിലാണ് നാടകമാക്കുന്നത്. എന്തുകൊണ്ടാണ് അക്രമങ്ങള്‍ പെരുകുന്നത് എന്ന സംശയം തീര്‍ക്കലാണ് ഈ നാടകം. എന്താണമ്മേ ഉണ്ണ്യേട്ടന്‍ ഇങ്ങനെ എന്ന മലയാളനാടകത്തിന്റെ ഇംഗ്ലീഷ് രൂപാന്തരം പായസം എന്ന പേരിലാണ് അവതരിപ്പിക്കുക. ഈ നാടകത്തിന്റെ അവസാനം കാണികളും നാടകത്തിന്റെ ഭാഗമാകുകയും നാടകത്തിലെ കഥാപാത്രം കാണികള്‍ക്കെല്ലാം യഥാര്‍ഥ പായസം നല്‍കുകയും ചെയ്യും. കുളൂരിന്റെ ബ്രിഡ്ജ് തീര്‍ത്തും പുതുമയാര്‍ന്ന രീതിയിലാണ് ഒരുക്കുന്നത്.

18ന് ബാംഗ്ലൂര്‍ ബസന്ത് നഗറിലെ ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററായ അലയന്‍സ് ഫ്രാന്‍സിലാണ് ആദ്യ അരങ്ങേറ്റം. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ ഓഷര്‍ തിയ്യേറ്ററാണ് നാടകത്തിന്റെ അവതാരകര്‍. അഭിനേതാക്കള്‍ സിനിമാതാരങ്ങളാണെങ്കിലും നാടകത്തിന്റെ അണിയറ ശില്പികളെല്ലാം നാടകരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകം പഠിച്ചിറങ്ങിയ തുളസീധരക്കുറുപ്പും ഇതിന്റെ അണിയറയിലുണ്ട്.

ബാംഗ്ലൂരിലും കൊച്ചിയിലുമാണ് നാടകത്തിന്റെ റിഹേഴ്‌സല്‍ പുരോഗമിക്കുന്നത്. ഓരോ നാടകവും 20-30 മിനിറ്റനകം തീരുന്നവയാണ്. നാടകങ്ങളുടെ ഇടവേളയില്‍ ഒരു സെലിബ്രിറ്റി അവതാരകനായി രംഗത്തെത്തും.

ആറ് മാസം മുമ്പ് ജയപ്രകാശ് ബാരെ കോഴിക്കോട്ട് നാടകം അവതരിപ്പിക്കുവാന്‍ എത്തിയപ്പോഴാണ് ജയപ്രകാശ് കുളൂര്‍ സെലിബ്രിറ്റി നാടകം എന്ന ആശയം മുന്നോട്ടുവെച്ചത്. ബാംഗ്ലൂരില്‍ തിരിച്ചെത്തിയ പ്രകാശ് ബാരെ സുഹൃത്തുക്കളായ വി.കെ പ്രകാശ്, തുളസീധരക്കുറുപ്പ് എന്നിവരുമായി ഈ ആശയം പങ്കുവയ്ക്കുകയും ബ്ലൂ ഓഷന്‍ എന്ന പേരില്‍ നാടകസംഘമായി പ്രവര്‍ത്തിക്കുകയുമായിരുന്നു.

Malayalam News

Kerala News In English