എഡിറ്റര്‍
എഡിറ്റര്‍
സമാജ് വാദി പാര്‍ട്ടി ഓഫീസിന് മുന്നില്‍ അഖിലേഷിനൊപ്പം സ്ഥാപിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ട് അപ്രത്യക്ഷമായി ; പകരം മുലായത്തിന്റെ കട്ടൗട്ട്
എഡിറ്റര്‍
Saturday 11th March 2017 12:32pm

ലക്നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പി തൂത്തുവാരുന്നതിനിടെ ലക്‌നൗവിലെ സമാജ് വാദി പാര്‍ട്ടി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കട്ടൗട്ട് നഷ്ടമായി.

അഖിലേഷ് യാദവിനൊപ്പമുള്ള രാഹുലിന്റെ കൗട്ടൗട്ട് മാറ്റി പകരം മുലായത്തിന്റെ കട്ടൗട്ടാണ് അവിടെ പുതുതായി സ്ഥാപിച്ചിരിക്കുന്നത്. ലക്‌നൗവിലെ സമാജ് വാദി പാര്‍ട്ടിയുടെ ഓഫീസില്‍ ഒരു പ്രവര്‍ത്തകര്‍ പോലും ഇപ്പോഴില്ല.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാനുള്ള അഖിലേഷിന്റെ തീരുമാനത്തെ തുടക്കത്തിലേ എതിര്‍ത്ത മുലായം പിന്നീട് അഖിലേഷിന്റെ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരുന്നു. എങ്കിലും പ്രചരണവേദികളിലൊന്നും മുലായത്തെ കണ്ടിരുന്നില്ല.

ആരോഗ്യകാരണങ്ങളാലാണ് അച്ഛന്‍ എത്താതിരുന്ന വിശദീകരണം ഓരോ പ്രചരണവേദിയിലും അഖിലേഷ് ആവര്‍ത്തിച്ചിരുന്നു.

യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ ന്യായീകരിച്ചാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ മുന്നേറ്റം. കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന കോണ്‍ഗ്രസ് ഭരണമെന്ന രാഷ്ട്രീയ ചരിത്രത്തെ അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്.

തൂണിലും തുരുമ്പിലും ബി.ജെ.പി, ആരുണ്ട് തോല്‍പ്പിക്കാന്‍? എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പോസ്റ്ററുകള്‍ പിടിച്ചാണ് ചിലര്‍ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമസഭാമണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ രാജ്യത്തിന്റെ തന്നെ കടുത്ത രാഷ്ട്രീയപോരാട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും ബി.ജെ.പി അനായാസ വിജയം നേടുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്.

Advertisement