ട്രിപ്പോളി: പ്രതിപക്ഷ പ്രക്ഷോഭം നടക്കുന്ന ലിബിയയില്‍ ഗദ്ദാഫി സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ലിബിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തുന്ന പശ്ചാത്തലത്തില്‍ ലിബിയക്കെതിരെ ഏത് നടപടിയ്ക്കും ഒരുക്കമാണെന്ന് ബ്രിട്ടണും ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ലിബിയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ലിബിയയെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കാനുള്ള യുഎന്‍ രക്ഷാസമിതി തീരുമാനം ഖേദകരമാണന്നും പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്നത് നിര്‍ത്തണമെന്ന യുഎന്‍ തീരുമാനം അംഗീകരിക്കുന്നുവെന്നും കുസ പറഞ്ഞു.

ഗദ്ദാഫി സര്‍ക്കാര്‍ പ്രക്ഷോഭകാരികളെ വേട്ടയാടുന്ന പശ്ചാത്തലത്തില്‍ വിമതര്‍ക്കായി പോരാടാന്‍ ഇരുരാജ്യങ്ങളും തയ്യാറെടുത്തിരുന്നു. ഇവര്‍ക്ക് അമേരിക്കയുടെ പിന്തുണയുമുണ്ടായിരുന്നു. അതേസമയം ലിബിയക്ക് മുകളിലൂടെയുള്ള വ്യോമ ഗതാഗതത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങള്‍ വിട്ടുനിന്നു.