shanti-bhushan ന്യൂദല്‍ഹി: പ്രശസ്ത നിയമജ്ഞന്‍ ശാന്തിഭൂഷണിനെതിരായ സി.ഡി കൃത്രിമമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്രഫോറന്‍സിക് ലാബിനെ ഉദ്ധരിച്ച് സി.എന്‍.എന്‍-ഐ.ബി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഛണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഭൂഷണ്‍ സി.ഡി കൃത്രിമമാണെന്ന് തെളിഞ്ഞതായാണ് റിപ്പോര്‍ട്ട്.

നേരത്തെ ദല്‍ഹി സി.എഫ്.എസ്.എല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ സി.ഡി ഒറിജിനിലാണെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രൊഫഷണലായ ഒരാള്‍ ‘കട്ട് ഏന്റ് പേസ്റ്റ്’ ചെയ്തതാണ് സി.ഡിയെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് ചണ്ഡീഗഡ് സി.എഫ്.എസ്.എല്‍ വക്താവ് അറിയിച്ചത്.

കണ്ടെത്തലുകള്‍ ബുധനാഴ്ച ദല്‍ഹി പോലീസിന് കൈമാറി. സി.ഡിയിലെ ശബ്ദം ഭൂഷണിന്റെതാണോയെന്ന് പരിശോധിക്കാനാണ് ദല്‍ഹി പോലീസ് ചണ്ഡീഗഡ് ലാബിന് കഴിഞ്ഞ മാസമാണ് സി.ഡി കൈമാറിയത്.

മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനും ലോക്പാല്‍ ബില്‍ സമിതി സഹ ചെയര്‍മാനുമായ ശാന്തിഭൂഷണ്‍ ഒരു സുപ്രിംകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കി വിധി അനുകൂലമാക്കുന്നതു സംബന്ധിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ്, അമര്‍സിങ് എന്നിവരുമായി നടത്തുന്ന സംഭാഷണമാണു സി.ഡിയിലുള്ളത്.

ജഡ്ജിയെ പണം കൊടുത്തു സ്വാധീനിക്കാമെന്നും ഇതു തന്റെ മകന്‍ (പ്രശാന്ത് ഭൂഷണ്‍) കൈകാര്യം ചെയ്തുകൊള്ളുമെന്നും ഇതിനായി നാലുകോടി രൂപ വേണ്ടിവരുമെന്നുമാണ് സി.ഡിയില്‍ മുലായംസിങിനെ ശാന്തിഭൂഷണ്‍ ധരിപ്പിക്കുന്നത്. എന്നാല്‍, സി.ഡി വ്യാജമാണെന്നും ഹൈദരാബാദിലെയും യു.എസിലെയും ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ സി.ഡി വ്യാജമാണെന്നു വ്യക്തമായതായും പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും വ്യക്തമാക്കിയിരുന്നു. ലോക്പാല്‍ബില്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് സി.ഡി വിവാദത്തിലൂടെ നടത്തുന്നതെന്നും ശാന്തിഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ദല്‍ഹിപോലീസ് സി.ഡി ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.