ന്യൂദല്‍ഹി: മിഡ് ഡേ റിപ്പോര്‍ട്ടര്‍ ജോതിര്‍മയി ഡേ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡേയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് പറയുന്ന ഏഴ് പേരില്‍ നാലാളുടെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ടേപ്പ്.

ഡേയുടെ മുംബൈയിലെ വീട്ടിനു തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്ന ഡേയെ നാല് പേര്‍ ബൈക്കില്‍ പിന്‍തുടരുന്നതാണ് ദൃശ്യം. മഞ്ഞും ചാറ്റല്‍ മഴയും കാരണം പിന്‍തുടരുന്നവരുടെ മുഖം വ്യക്തമാകാത്തതിനാല്‍ ഈ ദൃശ്യങ്ങള്‍ക്ക് കോടതി വലിയ പ്രധാന്യം നല്‍കില്ലെന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയാണ്.

അമ്പത്താറുകാരനായ ഡേയെ വെടിവച്ചുകൊന്ന കേസില്‍ ഛോട്ടാ രാജന്റെ വാടകക്കൊലയാളിയും ഷാര്‍പ്പ് ഷൂട്ടറുമായ സതീഷ്യ കല്യ എന്ന രോഹിത് തങ്കപ്പനാണെന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ഡേയുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഡേയെ കൊലചെയ്യാനുള്ള കാരണം കണ്ടെത്താന്‍ ഇതുവരെ പോലീസിനായിട്ടില്ല.

ഛോട്ടാ ഷക്കീലും ഛോട്ടാ രാജനും തമ്മിലുള്ള വിദ്വേഷമാണ് ഡേയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഡേ ഷക്കീലുമായി കൂടുതലടുക്കുന്നെന്ന സംശയമാണ് കൊലപാകത്തിലെത്തിച്ചതെന്നാണ് പറയുന്നത്.