എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസി ടിവി ക്യാമറ സ്ഥാപിക്കാന്‍ ശുപാര്‍ശ
എഡിറ്റര്‍
Saturday 30th November 2013 10:14am

supreme-court-new-2

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസി ടിവി ക്യാമറ സ്ഥാപിക്കാന്‍ ശുപാര്‍ശ. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് പീഡനങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശുപാര്‍ശ മുന്നോട്ട് വെച്ചത്.

സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയായ എം.എം സിങ്‌വിയാണ് സുപ്രീം കോടതിക്ക് മുന്നില്‍ ഈ ശുപാര്‍ശ വെച്ചത്.

1986 ല്‍ പശ്ചിമബംഗാളില്‍ നടന്ന കസ്റ്റഡിമരണം പരിഗണിച്ച കേസിലാണ് സുപ്രീം കോടതിയെ വിഷയത്തില്‍ നിലപാടറിയിക്കാനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സിങ്‌വി ഇത്തരമൊരു സുപ്രധാന നിര്‍ദേശം സുപ്രീം കോടതിക്ക് മുന്നില്‍ വെച്ചത്.

രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുകയും പോലീസ് സ്‌റ്റേഷന്റെ എല്ലാ കോണുകളും ക്യാമറയുടയെ പരിധിയില്‍ ഉള്‍പ്പെടുന്നതാവണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പ്രതികളെ ചോദ്യം ചെയ്യുന്ന മുറിയും ലോക്കപ്പും പോലീസ് സ്‌റ്റേഷന്റെ മറ്റ് പ്രധാന ഭാഗങ്ങളും ക്യാമറയുടെ പരിധിയില്‍ വരണം. ഇത്തരത്തിലുള്ള സിസി ടിവി ദൃശ്യങ്ങള്‍ ഒരു വര്‍ഷത്തേക്ക്് നശിപ്പിക്കാന്‍ പാടില്ല.

സിസി ടിവി ദൃശ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കുകയും ദൃശ്യങ്ങള്‍ പരിശോധിക്കാനായി മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും വേണം.

ഇതിനായി ഓരോ ജില്ലകളിലും സന്നദ്ധ സംഘടനകള്‍ ഉണ്ടാവണം.

ഇവര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ഏത് സമയത്തും എത്തി പരിശോധന നടത്താന്‍ അവകാശം നല്‍കണമെന്നും ശുപാര്‍ശയില്‍ എം.എം സിങ്‌വി വ്യക്തമാക്കുന്നു.

മനുഷ്യാവകാശ ലംഘനം തടയുന്നതിന്റെ ഭാഗമായി ഇത്തരം ദൃശ്യങ്ങള്‍ മാധ്യമ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

Advertisement