എഡിറ്റര്‍
എഡിറ്റര്‍
സത്‌നാം സിങ്ങിന്റെ മരണം: പേരൂര്‍ക്കട ആശുപത്രിയില്‍ സിസി ടിവി ക്യാമറ സ്ഥാപിക്കുമെന്ന് മന്ത്രി
എഡിറ്റര്‍
Thursday 9th August 2012 12:05pm

തിരുവനന്തപുരം: ബിഹാര്‍ സ്വദേശിയായ സത്‌നാം സിങ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ മര്‍ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ നിര്‍ദേശം നല്‍കി.

Ads By Google

രാവിലെ ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ ഉത്തരവ്. കെ.മുരളീധരന്‍ എം.എല്‍.എയും മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പേരൂര്‍ക്കട ആശുപത്രിയില്‍ സിസി ടി.വി ക്യാമറ സ്ഥാപിക്കാനും മന്ത്രി നിര്‍ദേശിച്ചു.

സത്‌നാം സിങ്ങിന് പേരൂര്‍ക്കട ആശുപത്രിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നുവെന്നും മാനസികാരോഗ്യകേന്ദ്രത്തിലെ രണ്ടു ഡോക്ടര്‍മാര്‍, നഴ്‌സിങ്ങ്‌ സൂപ്രണ്ട്, സ്റ്റാഫ് നഴ്‌സ്, വാര്‍ഡന്‍ എന്നിവരടക്കം എട്ടുപേര്‍ സത്‌നാം സിങ്ങിന്റെ മരണത്തില്‍ കുറ്റക്കാരാണെന്ന് ഡി.എം.ഒ. ഡോ. പീതാംബരന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊല്ലം ജില്ലാ ജയിലില്‍ വച്ചും സിങ്ങിനെ മര്‍ദിച്ചതായി പരാതിയുണ്ട്.

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ശേഷം ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്കും പിന്നീട് അവിടുന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. ഇവിടെ വെച്ച് സത്‌നാം ക്രൂരമര്‍ദനത്തിന് ഇരയാവുകയായിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തിലെ  രണ്ട് സുരക്ഷാ ജീവനക്കാരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച ആദ്യ വിവരം. അതിനിടെ, ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ യുവാവിനെ വിഴിഞ്ഞം സ്വദേശിയായ ഒരു തടവുകാരന്റെ ഒപ്പം സെല്ലില്‍ പാര്‍പ്പിച്ചതായും അവിടെ ഇരുവരും ഏറ്റുമുട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Advertisement