ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനനടപടികളുമായി സി.ബി.എസ്.ഇ. എല്ലാ സ്‌കൂളുകളും പൊലീസിന്റെ സെക്യൂരിറ്റി/സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നും ജീവനക്കാരും സ്‌കൂള്‍ പരിസരവും ഉള്‍പ്പെടെ ഓഡിറ്റിനു കീഴില്‍ കൊണ്ടുവരണമെന്നും സി.ബി.എസ്.ഇ നിര്‍ദ്ദേശിച്ചു.

ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂര്‍ കഴുത്തറുത്തു കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സി.ബി.എസ്.ഇയുടെ ഇടപെടല്‍. അനധ്യാപക ജീവനക്കാരായ എല്ലാ സ്റ്റാഫ് അംഗങ്ങളുടെയും, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പ്യൂണുമാര്‍ തുടങ്ങിയവരുടെയും മാനസികനില പരിശോധന വളരെ സൂക്ഷ്മമായി നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.


Also Read: ക്യാന്‍സര്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച ഒമ്പതു വയസുകാരിയ്ക്ക് എച്ച്.ഐ.വി; മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ കത്ത്


രണ്ടു മാസത്തിനകം സെക്യൂരിറ്റി ഓഡിറ്റ് പൂര്‍ത്തിയാക്കി സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഇതുള്‍പ്പെടെയുള്ള എട്ട് നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. സ്‌കൂളിലെ പ്രധാനപ്പെട്ടയിടങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

ഇതോടെ അപരിചിതര്‍ സ്‌കൂളില്‍ വരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചേര്‍ന്ന ഒരു കമ്മിറ്റിക്ക് രൂപം നല്‍കണം. പോക്‌സോ ആക്ട് പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള ആക്രമണം തടയാന്‍ ഒരു സമിതി രൂപീകരിക്കാനും സര്‍ക്കുലറില്‍ പറയുന്നു. ലൈംഗികാക്രമണങ്ങളുണ്ടായാല്‍ കുട്ടികള്‍ക്കു പരാതി നല്‍കാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.