കൊച്ചി: ജാമ്യ വ്യവസ്ഥ മറികടന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്ത കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചലച്ചിത്രപുരസ്‌കാര വിതരണ വേദിയില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് പങ്കെടുത്തെന്ന് കാട്ടിയാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്.


Also Read: ദല്‍ഹി സര്‍വകലാശാലയിലും അടിതെറ്റി; എ.ബി.വി.പിയെ തകര്‍ത്ത് എന്‍.എസ്.യു.ഐയുടെ ശക്തമായ തിരിച്ചുവരവ്


തലശ്ശേരിയില്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസിലെ എട്ടാം പ്രതിയായ രാജനു കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ രാജന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് കഴിയുന്നത്.

എന്നാല്‍ തലശേരിയില്‍ നടന്ന ചടങ്ങില്‍ രാജന്‍ പങ്കെടുത്തതായി വാര്‍ത്തകളുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് അംഗമായ രാജന്‍ ജില്ലാപഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് കണ്ണൂരിലെത്തിയിരുന്നത്. പുരസ്‌കാരം വിതരണ വേദിയില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി ഇദ്ദേഹം കോടതിയില്‍നിന്ന് വാങ്ങിയിരുന്നില്ല.


Dont Miss: എന്തുകൊണ്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നില്ല..?; മറുപടിയുമായി മഞ്ജു വാര്യര്‍


ഇത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കഴിഞ്ഞ ജൂണിലാണ് കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാന്‍ സി.ബി.ഐ. പ്രത്യേക കോടതി താത്കാലിക അനുമതി നല്‍കിയത്. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അച്ചടിസ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്തു താമസിക്കാന്‍ അനുവാദം വേണമെന്നു കാരായി രാജന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രാജന്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ച് വിജയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പഞ്ചായത്തിലെ അസാന്നിധ്യം കണക്കിലെടുത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.