ന്യൂദല്‍ഹി: ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചരുടെ പട്ടിക സി.ബി.ഐയുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കി. പാക്കിസ്ഥാന് സമര്‍പ്പിച്ച കുറ്റവാളികളുടെ പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാണ് സി.ബി.ഐ വിശദീകരണം നല്‍കിയിട്ടുള്ളത്. നേരത്തേ പാക്കിസ്ഥാന് നല്‍കിയ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ആള്‍ ഇന്ത്യയില്‍ ജയിലിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ തടവുകാരനായ ഫിറോസ് അബ്ദുള്‍ ഖാനായിരുന്നു പട്ടികയില്‍ ഉള്‍പ്പെട്ടത്.

1994ല്‍ ഫിറോസ് ഖാനെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അറസ്റ്റിലായ ശേഷവും നോട്ടീസ് പുറപ്പെടുവിച്ച ആളുകളുടെ പട്ടികയിലായിരുന്നു ഫിറോസ് ഖാന്‍. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള ആളാണ് ഫിറോസ് ഖാനെന്നാണ് സി.ബി.ഐയും മുംബൈ പോലീസും വ്യക്തമാക്കിയിട്ടുള്ളത്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള രാജ്കുമാര്‍ മേഘന്‍ എന്നയാളുടെ പേരും പാക്കിസ്ഥാന് സമര്‍പ്പിച്ച പട്ടികയിലുണ്ടായിരുന്നു.