തിരുവനന്തപുരം: മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെതിരായ വധശ്രമക്കേസ് സി.ബി.ഐയ്ക്കു കൈമാറിയതായി സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പത്രപ്രവര്‍ത്തക യൂണിയന്റെ അപേക്ഷയെ തുടര്‍ന്നാണ് കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത്.

കേസന്വേഷണം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഒന്നാംപ്രതിയുള്‍പ്പടെ നിരവധി പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഡി.വൈ.എസ്.പി സന്തോഷ് നായരും ഗുണ്ടാസംഘങ്ങളുമുള്‍പ്പടെ നിരവധി പേര്‍ കേസില്‍ പ്രതികളാണ്.

കഴിഞ്ഞ ഏപ്രില്‍ 16 ന് രാത്രിയാണ് ഉണ്ണിത്താനു നേരെ വധശ്രമമുണ്ടാകുന്നത്. വാര്‍ത്തകൊടുത്തതുമായി ബന്ധപ്പെട്ട പകയാണ് വധശ്രമത്തിനുപിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഉത്തരവിനെ പത്രപ്രവര്‍ത്തകയൂണിയന്‍ സ്വാഗതം ചെയ്തു.