ന്യൂദല്‍ഹി: രണ്ടാംതലമുറ സ്‌പെക്ട്രം അഴിമതിക്കേസിലെ കുറ്റപത്രം ഏപ്രില്‍ 2ന് സമര്‍പ്പിക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. 80,000 പേജുകള്‍ വരുന്ന കുറ്റപത്രമായിരിക്കും സമര്‍പ്പിക്കുക.

അതിനിടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സി.ബി.ഐയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും സംയുക്തസംഘം മൗറീഷ്യസ് സന്ദര്‍ശിക്കും. സിംഗപ്പൂര്‍, മൗറീഷ്യസ്, സൈപ്രസ് എന്നീ രാഷ്ട്രങ്ങള്‍ വഴിയാണ് ഇടപാട് നടന്നതെന്നും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌പെക്ട്രം ഇടപാടിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിക്ക് ബന്ധമുള്ള സ്ഥാപനങ്ങളുമായി ദുബായില്‍ നിന്നും ആറുതവണ പണമിടപാട് നടന്നതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തേ എ.രാജയ്‌ക്കെതിരായ കുറ്റപത്രം മാര്‍ച്ച് 31ന് സമര്‍പ്പിക്കുമെന്നായിരുന്നു സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചത്. മാര്‍ച്ച് 16ന് സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലായിരുന്നു സി.ബി.ഐ കോടതിയെ ഇക്കാര്യം അറിയിച്ചത്.

സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലാണ് രാജയെ അറസ്റ്റ് ചെയ്തത്. അഴിമതി, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് രാജയ്‌ക്കെതിരെയുള്ളത്. രാജയ്‌ക്കെതിരെയുള്ള കുറ്റപത്രം മാര്‍ച്ച് 31ന് സമര്‍പ്പിക്കുമെന്ന് സി.ബി.ഐയ്ക്കുവേണ്ടി അഡ്വ.കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.