ന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം എം.കരുണാനിധിയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടി.വി ഓഫീസില്‍ റെയ്ഡ് നടത്തിയ സി.ബി.ഐ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. അതിനിടെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കരുണാനിധിയെയും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാത്രി 12ന് തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അവസാനിച്ചത്. റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ടി.വി ചാനലിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷഹീദ് ബല്‍വയുടെ ഉടമസ്ഥതയിലുള്ള സിനിയുഗ് ഫിലിംസില്‍ നിന്നും ടി.വി ചാനലിന് സഹായം ലഭിച്ചിരുന്നു. 214 കോടി രൂപ കലൈഞ്ജര്‍ ടി.വിക്ക് നല്‍കിയെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്.

അതിനിടെ കരുണാനിധിയുടെ മകളും എം.പിയുമായ കനിമൊഴിയെ സി.ബി.ഐ ഉടനേ ചോദ്യംചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ.രാജയെ ചോദ്യം ചെയ്തതതില്‍ പ്രധാനപ്പെട്ട തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.