Categories

2ജി: കോര്‍പ്പറേറ്റുകളുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ക്കും

ന്യൂദല്‍ഹി: 2ജി ക്രമക്കേടുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന കോര്‍പറേറ്റ് സ്ഥാപന മേധാവികളുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ക്കും. ഇന്നാണ് ഇവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത്.

യുനിടെക് വയര്‍ലെസ് എം.ഡി സഞ്ജയ് ചന്ദ്ര, സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ് ഗോയങ്ക, റിലയന്‍സ് ടെലികോം ഉന്നത ഉദ്യോഗസ്ഥരായ ഹരി നായര്‍, ഗൗതം ദോഷി, സുരേന്ദ്ര പിപാറ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി പരിഗണിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ജയിലില്‍ നിന്ന് പുറത്തുപോകുന്നത് തെളിവുകള്‍ നശിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് സി.ബി.ഐ വാദം.

നേരത്തെ, ഡി.എം.കെ എം.പി കനിമൊഴിക്ക് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. കനിമൊഴിയുടെ ജാമ്യാപേക്ഷ നവംബര്‍ മൂന്നിന് കോടതി പരിഗണിക്കും. അവര്‍ക്ക് ജാമ്യം ലഭിച്ചേക്കാന്‍ തന്നെയാണ് സാധ്യത.

ഈ മാസം 24ന് കേസ് കോടതി മുമ്പാകെ വന്നപ്പോള്‍ കനിമൊഴി, കലൈജ്ഞര്‍ ടി.വി എം.ഡി ശരത്കുമാര്‍ എന്നിവര്‍ക്കു പുറമെ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കരീം മൊറാനി എന്നിവരുടെ ജാമ്യാപേക്ഷയെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വയുടേയും, എ. രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ ചന്ദോലിയയുടേയും ജാമ്യാപേക്ഷ സി.ബി.ഐ എതിര്‍ത്തിരുന്നു.

ഈ മാസം 22നായിരുന്നു ടെലികോം മുന്‍ മന്ത്രി എ. രാജ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസില്‍ കുറ്റപത്രം നല്‍കിയത്. അഴിമതി നിരോധ നിയമത്തിലെ വ്യവസ്ഥകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും അനുസരിച്ച് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് കുറ്റപത്രം നല്‍കിയ ശേഷം മാത്രമേ അവരുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുള്ളൂ എന്ന് സുപ്രീംകോടതി നേരത്തേ തന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമാണ് എല്ലാ നടപടികളും സ്വീകരിച്ചതെന്നുമാണ് പ്രതികള്‍ വ്യക്തമാക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.