എഡിറ്റര്‍
എഡിറ്റര്‍
കോപ്റ്റര്‍ അഴിമതി: സി.ബി.ഐ ഇറ്റലിയിലേക്ക്
എഡിറ്റര്‍
Sunday 17th February 2013 9:48am

ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ അഴിമതി അന്വേഷണത്തിനായി സി.ബി.ഐ സംഘം ഇറ്റലിയിലേക്ക്. സി.ബി.ഐക്കൊപ്പം പ്രതിരോധ ജോയിന്റ് സെക്രട്ടറിയും ഇറ്റലിയിലേക്ക് പോകുന്നുണ്ട്.

അഴിമതിയെ കുറിച്ച്്  ഇറ്റാലിയന്‍ അഭിഭാഷകരുമായി സംഘം ചര്‍ച്ച ചെയ്യും. അതേസമയം, അഴിമതിയെ കുറിച്ച് ഇറ്റലിയുടെ പക്കലുള്ള രേഖകള്‍ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം ഇറ്റാലിയന്‍ കോടതി തള്ളി.

Ads By Google

അന്വേഷണം ആദ്യ ഘട്ടത്തിലാണെന്നതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇറ്റലിയുടേയും വിമാന കമ്പനിയുടെയും അഭിഭാഷകര്‍ക്ക് മാത്രമേ നല്‍കാന്‍ സാധിക്കൂ എന്ന് ഇറ്റാലിയന്‍ കോടതി അറിയിച്ചു. ഇന്ത്യയുടെ ആവശ്യം പിന്നീട് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

അഴിമതി സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് സി.ബി.ഐ നേരത്തേ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ തെളിവിനായി ഇറ്റലിയിലേക്ക് സംഘം തിരിക്കുന്നത്.

ഇറ്റലിയിലെ വന്‍കിട പ്രതിരോധനിര്‍മാതാക്കളായ ‘ഫിന്‍മെക്കാനിക്ക’ യും ഇന്ത്യയുമായി നടന്ന വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍തുക കോഴ നല്‍കിയതായി വാര്‍ത്ത വന്നതോടെയാണ് അന്വേഷണത്തിന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടത്.

ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സി.ഇ.ഒ.യും ചെയര്‍മാനുമായ ഗൈസപ്പ് ഓര്‍സിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് പുറമേ രണ്ട് ഇടനിലക്കാരും അറസ്റ്റിലായിരുന്നു.

അഴിമതിയില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയും ബന്ധുവും ഉള്ളതായി ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി ത്യാഗിയുടെ പേരാണ് റിപ്പോര്‍ട്ടിലുള്ളത്.

2010 ല്‍ അഗസ്താ വെസ്റ്റ്‌ലന്റ്‌സ് എന്ന പേരില്‍ 12 ഹെലികോപ്റ്റര്‍ ഇന്ത്യക്ക് വില്‍ക്കാനുള്ള കാരാറാണ് ഇറ്റലിയും ഇന്ത്യയും തമ്മില്‍ ഉണ്ടാക്കിയത്. ഇടപാടില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇറ്റലിയില്‍ നടന്ന അന്വേഷണത്തിലാണ് കോഴ നല്‍കിയത് പുറത്ത് വന്നത്.

എന്നാല്‍ ഇടപാടില്‍ കമ്പനി കൃത്രിമം കാണിച്ചതായി തങ്ങളുടെ പക്കല്‍ തെളിവൊന്നുമില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നത്.

മൂന്ന് ഹെലികോപ്റ്ററാണ് കരാര്‍ പ്രകാരം ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വി.ഐ.പി.കളുടെ യാത്രയ്ക്കാണ് ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുവരുന്നത്.

Advertisement