Categories

2G സ്‌പെക്ട്രം: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂദല്‍ഹി: 2ഏ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ടെലോകോം മന്ത്രി എ.രാജ, യുനിടെക്, അനില്‍ അംബാനി ഗ്രൂപ്പ് (എ.ഡി.എ.ജി) എന്നിവരെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഢാലോചന, പ്രേരണ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്.

80,000 പേജുകളുള്ള കുറ്റപത്രമാണ് സി.ബി.ഐ 2ജി സ്‌പെക്ട്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. 9വ്യക്തികള്‍ക്കും 3 കമ്പനികള്‍ക്കുമെതിരേയാണ് കുറ്റപത്രം. കേസുമായി ബന്ധപ്പെട്ട് 644രേഖകളും 125 സാക്ഷികളെയും സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനിയുടെ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2008ല്‍ അതിശയിപ്പിക്കുന്ന തരത്തില്‍ വിലകുറച്ച് സ്‌പെക്ട്രം വില്പന നടത്തി എ.രാജ വന്‍തുക പ്രതിഫലം വാങ്ങിയതായി സി.ബി.ഐ കണ്ടെത്തി. ഗൂഢാലോചന, വ്യാജരേഖചമക്കല്‍, വഞ്ചന, അധികാര ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് രാജയുടെ മേലുള്ളത്.

പ്രത്യുപകാരമായി സ്വാം ടെലികോം കമ്പനിയുടെ പ്രമോട്ടറായ ഷാഹിദ് ബല്‍വ രാജയ്ക്ക് ഒരു ടി.വി ചാനല്‍ വഴി 200കോടി രൂപ നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭാര്യയുടേയും മകളുടേയും പേരിലുള്ള ചാനല്‍ മുഖേനയാണ് ഈ ഇടപാട് നടത്തിയത്. ബല്‍വയ്ക്കുനേരെ വഞ്ചനാകുറ്റമാണുള്ളത്. രാജയ്ക്ക് സഹായം നല്‍കിയ മുന്‍ സീനിയര്‍ ഉദ്യോഗസ്ഥരായ സിദ്ദാര്‍ത്ഥ് ബെഹ്‌റു, ആര്‍.കെ ചന്ദ്രോലിയ എന്നിവര്‍ക്കുമേലും ഇതേ കുറ്റമാണുള്ളത്. ഇവരെക്കൂടാതെ റിലയന്‍സ് വൈസ് പ്രസിഡന്റും മലയാളിയുമായ ഹരി നായരും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രാജ അഴിമതി നടത്തിയതുവഴി ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത് സ്വാന്‍, യുനിടെക് കമ്പനികളാണ്. രണ്ട് കമ്പനികള്‍ക്ക് റിയല്‍എസ്‌റ്റേറ്റ് മേഖലകളില്‍ സ്വാധീനമുള്ളവയാണ്. കൂടാതെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനായി ഇവര്‍ കൂടുതല്‍ ടെലികോം കമ്പനികള്‍ക്കും രൂപം നല്‍കിയതായും സി.ബി.ഐ കണ്ടെത്തി.യുനിടെക് ചെയര്‍മാന്‍ സഞ്ജയ് ചന്ദ്രയ്‌ക്കെതിരെ വഞ്ചനാകുറ്റമാണ് ചുമത്തിയിട്ടിള്ളത്.

എ.ഡി.എ.ജി ഗ്രൂപ്പിലെ മൂന്ന് എക്‌സിക്യൂട്ടീവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിന്റെ മാനേജിംങ് ഡയറക്ടര്‍ ഗൗതം ഡോഷിയ്ക്കുനേരെ പ്രേരണ, വഞ്ചന എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസിനുവേണ്ടി സ്വാം ടെലികോം പ്രവര്‍ത്തിക്കുകയായിരുന്നെന്ന് സി.ബി.ഐ കണ്ടെത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.