ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് സി.ബി.ഐ. പരിശോധിച്ച് വരികയാണെന്ന് സൂചന . റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഗെയിംസിന്റ നടത്തിപ്പില്‍ തെറ്റായ നടപടിക്രമങ്ങളും ഗൂഢാലോചനകളും നടന്നിട്ടുണ്ടോയെന്ന് കാര്യം പരിശോധിച്ച് വരികയാണെന്ന് സി.ബി.ഐയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷം പ്രാഥമികാന്വേഷണമടക്കമുള്ള അടുത്ത നടപടിക്രമങ്ങള്‍ സി.ബി.ഐ കൈക്കൊള്ളുമെന്നാണ് പറയപ്പെടുന്നത്. സി.ബി,ഐയുടെ നീക്കം ഷീല ദീക്ഷിത് ഭരിക്കുന്ന ഡല്‍ഹി ഗവണ്‍മെന്റിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇപ്പോതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദീക്ഷിതിന്റെ രാജി ആവശ്യപ്പെട്ട് മുറവിളി കൂട്ടിത്തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ ഗെയിംസ് കഴിഞ്ഞയുടെനെ ഗെയിംസ് നടത്തിപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധികേസുുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സി.ബി.ഐ അന്വേഷണത്തെതുടര്‍ന്ന ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മറ്റി തലവനും പൂനെയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമായ സുരേഷേ കല്‍മാഡിയടക്കമുള്ള നിരവധി ഉയര്‍ന്ന റാങ്കിലുള്ള ഉദ്ദ്യോഗസ്ഥര്‍ തീഹാര്‍ ജയിലറകള്‍ക്കുള്ളിലായികഴിഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും ഗെയിംസ് നടത്തിപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്നും വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട പാര്‍ലമെന്റിന് മുന്നാകെ വച്ചത്.

റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഡല്‍ഹി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രത്യേക ശുപാര്‍ശ പ്രകാരമാണ് സുരേഷ് കല്‍മാഡിയെ സംഘാടക സമിതി അധ്യക്ഷനാക്കിയതെന്നും കല്‍മാഡിയുടെ നിയമനത്തിലെ ക്രമക്കേട് കായിക മന്ത്രി സുനില്‍ ദത്ത് ചൂണ്ടിക്കാട്ടിയെങ്കിലും പിഎംഒ പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഗെയിംസ് അനുബന്ധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കരാറുകള്‍ ഉറപ്പിക്കുന്നതില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിദ് വഴിവിട്ട് ഇടപെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.