ന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സിയായ സി ബി ഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. അന്വേഷണം പൂര്‍ത്തിയാക്കാനായി ആറുമാസം കൂടി ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്.

കേസില്‍ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമല്ല. ഏജന്‍സി ഇതുവരെ എന്തുചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണം. ആരോപണവിധേയനായ മന്ത്രിക്കെതിരേ തെളിവ് ഹാജരാക്കാന്‍പോലും ഏജന്‍സിക്ക് സാധിച്ചിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

2G സ്‌പെക്ട്രം വിതരണത്തില്‍ വന്‍ അഴിമതി നടന്നിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് ഖജനാവിന് 70,00 കോടിരൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. കരാര്‍ നേടിയ കമ്പനികള്‍ അവ മറിച്ചുവിറ്റുവെന്നും ആരോപണമുണ്ടായിരുന്നു. ലൈസന്‍സ് വിതരണത്തില്‍ ഉണ്ടായ പക്ഷപാതിത്വം കേന്ദ്രത്തിന് വന്‍നഷ്ടമുണ്ടാക്കിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും കണ്ടെത്തിയിരുന്നു.