ന്യൂദല്‍ഹി:പുരുലിയ ആയുധവര്‍ഷക്കേസിലെ മുഖ്യപ്രതി കിം ഡേവിയെ തേടി സി.ബി.ഐ കോപ്പന്‍ഹേഗനിലെത്തി. എന്നാല്‍ ഡേവിയ്‌ക്കെതിരെയുള്ള വാറന്റിന്റെ കാലാവധി അവസാനിച്ചെന്ന കാര്യം വെളിവായതോടെ സി.ബി.ഐ വെട്ടിലായിരിക്കുകയാണ്.

ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബോത്ര, പ്രോസിക്യൂട്ടര്‍ ഇസാസ് ഖാന്‍ എന്നിവരുള്‍പ്പെടുന്ന സിബിഐ ടീം ഡേവിയെ ഡെന്‍മാര്‍ക്ക് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മെയ് 16 നാണ് കോപ്പന്‍ ഹേഗനിലെത്തിയത്. എന്നാല്‍ കൊല്‍ക്കത്തയിലെ കോടതി പുറപ്പെടുവിച്ച വാറന്റിന്റെ കാലവധി ഇതിനകം തന്നെ അവസാനിച്ചുവെന്ന് ഡേവിയുടെ കൗണ്‍സല്‍ വ്യക്തമാക്കുകയായിരുന്നു.

വെട്ടിലായ സി.ബി.ഐ വാറന്റ് കാലാവധി 2011 ആഗസ്ത് 20 ലേക്ക് നീട്ടിക്കിട്ടാനായി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഘത്തിന്റെ പക്കല്‍ വാറന്റിന്റെ ഒറിജിനല്‍ കോപ്പി കൊടുത്തയച്ചതിനാല്‍ വിചാരണയെ ഇത് ബാധിക്കില്ലെന്ന് ഏജന്‍സി ഉദ്യോഗസ്ഥന്‍ ധരിണി മിശ്ര പറഞ്ഞു.

കുറ്റവാളിയെ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ഉടമ്പടിയുമൊന്നും ഇല്ലാത്ത് സാഹചര്യത്തില്‍ ഡാനിഷ് കോടതിയുടെ അനുമതി ആവശ്യമാണ്. നേരത്തേ പാക്കിസ്ഥാന് സമര്‍പ്പിച്ച പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ടായ ചില പാകപ്പിഴകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.