ഹൈദരാബാദ്: അനധികൃത സ്വത്തുസമ്പാദനത്തിന് അറസ്റ്റിലായ കടപ്പ എം. പിയും വൈ. എസ്. ആര്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ വൈ. എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെ 14 ദിവസത്തേക്ക് സി. ബി. ഐ കസ്റ്റഡിയില്‍ വിട്ടു. നമ്പള്ളി സി.ബി.ഐ കോടതിയുടേതാണ് ഉത്തരവ്.

അതേസമയം ജഗന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ പലയിടത്തും അക്രമങ്ങള്‍ ഉണ്ടായി. ബന്ദിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമെമ്പാടും പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച്ചയായിരുന്നു ജഗനെ അറസ്റ്റ് ചെയതത്. അറസ്റ്റിനെ തുടര്‍ന്ന്് സംസ്ഥാനമാകെ പാര്‍ട്ടി അനുയായികളുടെ പ്രതിഷേധപ്രകടനം നടക്കുകയാണ്. അറസ്റ്റില്‍ പ്രതിഷേധിച്ച് ഈസ്റ്റ് ഗോദാവരി ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് വൈ. എസ്. ആര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സി. ബി. ഐ. കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ചോദ്യം ചെയ്യലിന് ഹാജരാവുന്നതിന് കൂടുതല്‍ സമയമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും തള്ളിയതിനെ തുടര്‍ന്ന് ജഗന്‍ സി.ബി.ഐ ക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.

2004 ല്‍ പിതാവ് വൈ. എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്രമാധീതമായി സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു  കേസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 450 കോടി രൂപയുടെ സ്വത്തുണ്ടെന്ന് ജഗന്‍ തന്നെ വ്യക്തമാക്കിയിരുന്നു. 2004 ല്‍ പിതാവ് രാജാശേഖരറെഡ്ഡി നല്‍കിയ കണക്കില്‍ വെറും 9 കോടിയായിരുന്നു ജഗന്റെ ആസ്തി. വെറും എട്ടുവര്‍ഷം കൊണ്ട് 4000 മടങ്ങാണ് വര്‍ദ്ധിച്ചത്. ജഗനെ കൂടാതെ മറ്റ് 12 പേര്‍ക്കെതിരെയും സി. ബി. ഐയ കുറ്റപത്രം നല്‍കിയിരുന്നു.

വഡേരേവു നിസാംപട്‌നം തുറമുഖ വാണിജ്യ ഇടനാഴി (വി. എ. എന്‍. പി. ഐ. സി) കരാറിലെ അഴിമതിയാണ് സി. ബി. ഐ ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലവിലെ ആന്ധ്ര എക്‌സൈസ് മന്ത്രി മോപീദേവി വെങ്കടരമണയെ സി. ബി. ഐ അറസ്റ്റ് ചെയ്തിരുന്നു. വ്യവസായികളായ നിമ്മഗഡ്ഡ പ്രസാദ് , ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കെ. വി. ബ്രഹ്മനന്ദന്‍ എന്നിവരാണ് അറസ്റ്റിലായി മറ്റ് പ്രമുഖര്‍.