ന്യൂദല്‍ഹി: എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ അവിഹിതമായി ഇടപെട്ടതിന് തെളിവില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ടുജി സ്‌പെക്ട്രം കേസില്‍ കേന്ദ്രമന്ത്രിമാരായിരുന്ന ജസ്വന്ത് സിംഗ്, അരുണ്‍ ഷൂരി, പ്രമോദ് മഹാജന്‍ എന്നീ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നും സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ജസ്വന്ത് സിങ്ങ് മന്ത്രിയായിരുന്ന കാലത്താണ് ഏകീകൃത ലൈസന്‍സ് നടപ്പിലാക്കിയതെന്നും, സിങ്ങിനെതിരായ തെളിവുകള്‍ ശേഖരിച്ച വരികയാണെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. 2001-07 കാലത്തെ ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരണകാലത്ത് ടെലികോം മന്ത്രിമാരായിരുന്ന മഹാജന്‍, ഷൂരി, മാരന്‍ എന്നിവരുടെ ഇടപെടലുകളെ സംബന്ധിച്ച അന്വഷേണം നടന്നു കൊണ്ടിരിക്കുകയാണെന്നും, ഈ മാസമവസാനത്തോടെ അന്വേഷണമവസാനിപ്പിക്കാന്‍ കഴിയുമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

2001 മുതല്‍ 2003 വരെ മഹാജനും 2003 മുതല്‍ 2004 വരെ ഷൂരിയുമായിരുന്നു ടെലികോം വകുപ്പിന്‍രെ ചുമതല വഹിച്ചിരുന്നത്. ജസ്റ്റിസുമാരായ ജെ.എസ് സിങ് വി, എ.കെ ഗാംഗുലി എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ചിന് മുന്നിലാണ് സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.