എറണാകുളം: ഫസല്‍ വധക്കേസിലെ ഏഴും എട്ടും പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐ ഇന്ന് അപേക്ഷ നല്‍കും. ഇന്നലെയാണ് ഇരുവരും എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കാന്‍ സാധ്യത ഉള്ളതിനാല്‍ സി.ബി.ഐ കസ്റ്റഡയില്‍ വിടരുതെന്ന് ഇരുവരും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഇരുവരെയും രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

ഇന്നലെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കാക്കനാട് ജില്ലാ ജയിലേക്ക് കൊണ്ടുപോയി. ഫസല്‍ വധത്തിലും ടിപി വധത്തിലും പങ്കില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇരുവരും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

കേസില്‍ എട്ടുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധമടക്കം 29 ഓളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട തലശ്ശേരി ചൊക്‌ളി നെടുംഭാഗം മീത്തല ചാലില്‍ കൊടിസുനിയെന്ന എം.കെ. സുനില്‍ കുമാറാണ് ഒന്നാം പ്രതി.

തലശ്ശേരി ഇല്ലത്തുതാഴെ വയലാലം നെടിയ കുനിയില്‍ വീട്ടില്‍ കോയേരി ബിജു എന്ന ബിജു, കോടിയേരി മുഴിക്കര മൊട്ടെമ്മല്‍ ജിതേഷ് എന്ന ജിത്തു, തലശ്ശേരി തിരുവങ്ങാട് കുന്നുമ്മല്‍ നാരിക്കോട് വി.പി. അരുണ്‍ദാസ് , തലശ്ശേരി ഉക്കണ്ടന്‍പീഠിക വയലാലം മണ്ടോത്തുംകണ്ടത്ത് വീട്ടില്‍ ബാബു എന്ന എം.കെ. കലേഷ്, തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ ടി.എം. അരുണ്‍കുമാര്‍ എന്ന അരൂട്ടന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്‍പ്പെട്ട മറ്റുള്ളവര്‍. 174 സാക്ഷികളാണ് കേസിലുള്ളത്.