കൊച്ചി: ചെമ്പരിക്ക മംഗലാപുരം ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം അന്വേഷിച്ച സി.ബി.ഐ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഖാസി ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ടലുള്ളതായാണ് സൂചന. കേസ് അന്വേഷണം അവസാനിപ്പിച്ചതായും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഡിസംബര്‍ 12ലേക്ക് മാറ്റിയിട്ടുണ്ട്.

Subscribe Us:

അന്തരിച്ച ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫിയാണ് സി.ബി.ഐ നടത്തിയ അന്വേഷണ പുരോഗതി അറിയിക്കണമെന്നും അന്വേഷണത്തിന് ഹൈക്കോടതി തന്നെ മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. ഈ കേസില്‍ ഖാസി സമരസമിതി കക്ഷി ചേരുന്നതിനായി സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ സി.ബി.ഐ നടപടിക്കെതിരെ സംയുക്ത സമരസമിതി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത ഇ.കെ വിഭാഗത്തിന്റെ സംസ്ഥാന നേതാവും പ്രശസ്ത പണ്ഡിതനും ചെമ്പിരിക്ക, മംഗലാപുരം ഖാസിയുമായ സി എം അബ്ദുല്ല മൗലവി(77)യെ 2010 ഫെബ്രുവരി 15നാണ് കല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടത്. രാവിലെ ആറു മണിയോടെ ചെമ്പിരിക്ക കടപ്പുറത്ത് മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.

സംഭവ വിവരമറഞ്ഞ് ജില്ലാ കലക്ടര്‍ ആനന്ദ് സിംഗും ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രഭാത സവാരിക്കിറങ്ങിയ ഖാസി കടല്‍ക്കരയില്‍ തളര്‍ന്നുവീണ് മരിക്കുകയായിരുന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് സംഭവത്തിന് പിന്നില്‍ ദുരൂഹതകളുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

Malayalam news, Kerala news in English