എഡിറ്റര്‍
എഡിറ്റര്‍
അഴിമതി: എസ്.ബി.ഐ ഡപ്യൂട്ടി എം.ഡിയ്‌ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു
എഡിറ്റര്‍
Monday 25th November 2013 12:18am

sbi

ന്യൂദല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജപ്യൂട്ടി മാനേജിങ് ഡയറക്ടറായ ശ്യാംലാല്‍ ആചാര്യയ്‌ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. നൂറ് കോടിയ്ക്ക് മുകളിലുള്ള ലോണ്‍ അനുവദിച്ചതില്‍ അഴിമതി നടത്തി എന്നാണ് ആരോപണം.

ഇദ്ദേഹം ബാങ്കിന്റെ മധ്യമേഖല കോര്‍പ്പറേറ്റ് വിങ് തലവന്‍ കൂടിയാണ്. ഇദ്ദേഹത്തെ കൂടാതെ മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.കെ കുമാരയും പീയൂഷ് ഗോയല്‍ എന്ന ബിസിനസുകാരനും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുമാര ഔദ്യോഗികപദവി വഹിച്ചിരുന്നപ്പോഴാണ് പീയൂഷ് ഗോയല്‍ ബിസിനസ് ആവശ്യത്തിനായി 100 കോടിയുടെ ലോണിനായി ബാങ്കിനെ സമീപിക്കുന്നത്. ബാങ്കിലെ തന്റെ ബന്ധങ്ങളുപയോഗിച്ച് ലോണ്‍ പാസാക്കി നല്‍കാമെന്ന് കുമാര വാക്ക് നല്‍കി.

ഇതിന് വേണ്ടി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ലോണ്‍ പാസാക്കുന്നതിന് ആചാര്യയും പണം വാങ്ങിയെങ്കിലും ഇത് എത്രയെന്ന് വെളിപ്പടുത്തിയിട്ടില്ല. ഇതാണ് സി.ബി.ഐയുടെ കേസ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കുമാരയെ പണം സഹിതമാണ് പിടി കൂടിയത്.

ആചാര്യ, കുമാര. ഗോയല്‍ എന്നിവരുടെ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലുള്ള വീടുകളില്‍ അന്വേഷണസംഘം റെയ്ഡുകള്‍ നടത്തി.

അതേസമയം തങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതേയുള്ളുവെന്നും വിശദവിവരങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രമേ പ്രതികരിക്കൂ എന്നും ബാങ്ക് വക്താക്കള്‍ പറഞ്ഞു.

Advertisement