ഹൈദരാബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വീടുകളിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുന്നു. എമാര്‍ ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തുന്നത്.ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ 20 സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമാണ് പരിശോധന നടത്തുന്നത്.

ജഗന്‍മോഹന്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചു എന്ന ആരോപണങ്ങളെ തുടര്‍ന്നാണ് സി.ബി.ഐ നടപടി. ഇന്ത്യയിലെ കോടീശ്വരന്‍മാരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ജഗന്‍മോഹന്‍. തനിക്ക് 365കോടിയുടെ ആസ്തിയുണ്ടെന്ന് കഴിഞ്ഞ ഏപ്രിലില്‍ ജഗന്‍മോഹന്‍ വെളിപ്പെടുത്തിയിരുന്നു.

ജഗന്‍മോഹന്റെ ഉടമസ്ഥതയിലുള്ള ലോക്കല്‍ ചാനലായ ശക്തി ടിവിയുടെ ഓഫീസിലും അന്വേഷണ സംഘം റെയ്ഡ് നടത്തും. ഐ.എ.എസ് ഓഫീസര്‍ ബി.പി ആചാര്യയുടെ ഹൈദരാബാദിലെ വസതിയിലും സംഘം പരിശോധന നടത്തും. സി.ബി.ഐ പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന.

ആന്ദ്രാപ്രദേശ് ടെക്‌സ്റ്റൈല്‍ മന്ത്രി പി. ശങ്കര്‍ റാവുവാണ് ജഗന്‍മോഹനെതിരെ ആരോപണമുന്നയിച്ചത്. പിതാവായ വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്‍ സ്വത്തുക്കള്‍ വാരിക്കൂട്ടിയതിനെതിരെ റാവു പരാതിനല്‍കിയിരുന്നു. ആ സമയത്ത് ജഗന്റെ വരുമാനം 11 ലക്ഷത്തില്‍ നിന്നും 43,000 കോടിയായി ഉയര്‍ന്നെന്നായിരുന്നു റാവുവിന്റെ ആരോപണം.