ചെന്നൈ: എയര്‍സെല്‍- മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെയും സഹോദരന്‍ കലാനിധി മാരന്റെയും വസതികളിലും ഓഫിസുകളിലും സിബിഐ റെയ്ഡ്. ഇരുവര്‍ക്കും എതിരെ സിബിഐ കേസെടുത്തു.

ദല്‍ഹി ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ്. പുലര്‍ച്ചെ അഞ്ചു മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്.

2ജി ലൈസന്‍സിനായി എയര്‍സെല്‍ നല്‍കിയ അപേക്ഷയില്‍ മാരന്‍ തീരുമാനം വൈകിപ്പിച്ചതില്‍ ക്രമക്കേടുള്ളതായി സി.ബി.ഐ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി.വിയുടെ ഡി.ടി.എച്ച് സ്ഥാപനത്തില്‍ മാക്‌സിസ് കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തിയതും അന്വേഷണത്തിലാണ്.

എയര്‍സെല്‍ കമ്പനി മലേഷ്യന്‍ കമ്പനിയായ മാക്‌സിസിനു വില്‍ക്കാന്‍ 2006ല്‍ കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്‍ തന്നെ നിര്‍ബന്ധിച്ചതായി മുന്‍ എയര്‍സെല്‍ മേധാവി സി. ശിവശങ്കരന്‍ സിബിഐയോടു വെളിപ്പെടുത്തിയിരുന്നു. 2ജി അഴിമതി അന്വേഷണത്തിന്റെ ഭാഗമായുളള ചോദ്യം ചെയ്യലില്‍ ആയിരുന്നു വെളിപ്പെടുത്തല്‍.

തന്റെ കമ്പനിക്കു ദയാനിധി മാരന്‍ ലൈസന്‍സ് നല്‍കാതിരുന്നെന്നും തുടര്‍ന്നു താന്‍ കമ്പനി മലേഷ്യന്‍ കമ്പനിയായ മാക്‌സിസിനു കൈമാറാന്‍ നിര്‍ബന്ധിതനായെന്നും ശിവശങ്കരന്‍ ആരോപിച്ചിരുന്നു. എന്നാല്‍, മാക്‌സിസ് കമ്പനി എയര്‍സെല്‍ ഏറ്റെടുത്തശേഷം 14 ലൈസന്‍സുകള്‍ അവര്‍ക്ക് അനുവദിച്ചു. ഇതിനെല്ലാമുള്ള പ്രത്യുപകാരമെന്ന നിലയിലാണ് കലാനിധി മാരന്റെ സണ്‍ ടിവിയില്‍ മാക്‌സിസ് വന്‍തുക നിക്ഷേപിച്ചതെന്നാണ് ആരോപണം. ഇടപാടുകളിലെല്ലാം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സണ്‍ ടിവിയും മാക്‌സിസും തമ്മില്‍ നടന്ന ഇടപാടുകള്‍, എയര്‍സെല്‍ ഏറ്റെടുത്ത സാഹചര്യം ഇവയെല്ലാം വിശദമായി പരിശോധിക്കും.

മാക്‌സിസ് ഗ്രൂപ്പിലെ ടി. അനന്ദകൃഷ്ണന്‍, റാല്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിയിട്ടുണ്ട്. ഇവരുടെ വസതികളിലും റെയ്ഡ് നടക്കുകയാണ്.