ചെന്നൈ: സ്‌പെക്ട്രം വിതരണത്തിലെ അഴിമതി പുറത്തുകൊണ്ടുവരാനായി സി ബി ഐ നടത്തിയ രാജ്യവ്യാപക റെയ്ഡ് ഏറ്റവുമധികം ഉലച്ചിരിക്കുന്നത് തമിഴ്‌നാടിലെ ഭരണകക്ഷിയും കേന്ദ്രസര്‍ക്കാറിലെ സഖ്യകക്ഷിയുമായ ഡി എം കെയെ ആണെന്ന് സൂചന.

രാജ്യത്തുടനീളം റെയ്ഡ് നടത്തിയെങ്കിലും ഡി എം കെ എം പിയും കരുണാനിധിയുടെ പുത്രിയും  കവയിത്രിയുമായ കനിമൊഴി നേതൃത്വം നല്‍കുന്ന ‘തമിഴ് മെയ്യം’ ഓഫീസില്‍ നടത്തിയ റെയ്ഡാണ് ദേശീയമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. കനിമൊഴിയുടെ വലംകൈയ്യായി അറിയപ്പെടുന്ന ഫാ.ജഗദ് ഗാസ്പര്‍ശരാജാണ് ‘തമിഴ് മെയ്യ’ ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തമിഴ് മെയ്യം ഡയറക്ടര്‍മാരില്‍ പ്രധാനിയാണ് എം പി കനിമൊഴി. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് കനിമൊഴി. ഡി എം കെയും കനിമൊഴിയുമായുള്ള ബന്ധം സംഘടന അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. സംഘടനയുടെ ഓഫീസില്‍ നടന്ന റെയ്ഡ് ഡി എം കെ യെയും കനിമൊഴിയെയുമാണ് കാര്യമായി ബാധിച്ചിരിക്കുന്നത്.

ഫാ.ജഗദ് ഗാസ്പര്‍ശരാജ് തമിഴ് രാഷ്ട്രീയനേതൃത്വത്തിന് പരിചയമുള്ള വ്യക്തിയാണ്. കനിമൊഴിയുടെയും മറ്റ് ഡി എം കെ നേതാക്കളുടേയും പ്രധാന ഉപദേശകരിലൊരാളാണ് ഫാ.ഗാസ്പര്‍ശരാജ്. തമിഴ് പുലികള്‍ക്കായി ധനസമാഹരണം നടത്തിയതില്‍ ഇദ്ദേഹം ആരോപണവിധേയനായിരുന്നു.

തമിഴ്‌നാട്ടിലെ 54 സ്ഥലങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തി. ദല്‍ഹിയിലും നോയ്ഡയിലും നീരാ റാഡിയയുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2011 മാര്‍ച്ച് ആകുമ്പോഴേക്കും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി ബി ഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.