ചെന്നൈ: രണ്ടാംതലമുറ സ്‌പെകട്രം വിതരണത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് കലൈഞ്ജര്‍ ടി.വിയുടെ ചെന്നൈ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ഉടമസ്ഥതയിലുള്ളതാണ് കലൈഞജര്‍ ടി.വി.

രാത്രി 12ന് തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അവസാനിച്ചത്. റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ടി.വി ചാനലിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഡൈനമിക്‌സ് ബല്‍വ റിയല്‍റ്റീസിന്റെ മേധേവി ഷഹീദ് ബല്‍വയില്‍ നിന്നും വന്‍സാമ്പത്തിക സഹായം ചാനലിന് ലഭിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ബല്‍വയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ ബല്‍വയുടെ ഉടമസ്ഥതയിലുള്ള സിനിയുഗ് ഫിലിംസില്‍ നിന്നും ടി.വി ചാനലിന് സഹായം ലഭിച്ചിരുന്നുവെന്ന വാര്‍ത്ത കലൈഞ്ജര്‍ എം.ഡി ശരത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 214 കോടി രൂപ കലൈഞ്ജര്‍ ടി.വിക്ക് നല്‍കിയെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്.