ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന  മുന്‍ പ്രസാര്‍ ഭാരതി സി.ഇ.ഒ ബി.എസ് ലല്ലിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. രാവിലെ എട്ട് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.

ലല്ലിയുടെ വസതിക്കു പുറമേ സൂം കമ്മ്യൂണിക്കേഷന്‍സിലെ വസീം അഹമ്മദ് ദെഹ്ല്‍വിയുടെ വസതിയിലും റെയ്ഡ് നടത്തിയതായി സി.ബി.ഐ വക്താവ് വ്യക്തമാക്കി. ലല്ലിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എസ്.ഐ.എസ് ലൈവിന് ബ്രോഡ്കാസ്റ്റ് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടത്തിയെന്നതാണ് ലല്ലിക്കെതിരെയുള്ള ആരോപണം. ഇതേ തുടര്‍ന്ന് ലല്ലിയ്‌ക്കെതിരെയും വസീം ദെഹ്ല്‍വി‌ക്കെതിരെയും കേസെടുക്കുകയായിരുന്നു.

അതേ സമയം ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ അരുണ ഷര്‍മ്മയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ലല്ലിയ്‌ക്കെതിരെയും ഷര്‍മ്മയ്‌ക്കെതിരെയും ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് സി.ബി.ഐ അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതിന് അനുമതി ലഭിച്ചാലുടന്‍ നടപടികള്‍ തുടങ്ങുമെന്നും സി.ബി.ഐ അറിയിച്ചു. സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ലല്ലിയോടും ഷര്‍മ്മയോടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.