Categories

സ്‌പെക്ട്രം: രാജയെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനത്തിലേക്ക്

ന്യൂദല്‍ഹി: മുന്‍ ടെലികോം മന്ത്രി എ.രാജയെ സി.ബി.ഐ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ രാജ സി.ബി.ഐ ഓഫീസിലെത്തുകയായിരുന്നു. രണ്ടാം തലമുറ സ്‌പെക്ട്രം വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സി.ബി.ഐ രാജയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ഇന്നലെ എട്ടുമണിക്കൂറോളം സി.ബി.ഐ രാജയെ ചോദ്യം ചെയ്തിരുന്നു.

സ്‌പെക്ട്രം ഇടപാടിലെ കോഴപ്പണം ഗ്രീന്‍ ഹൗസ്, ഇക്വാസ്, ജെന്‍ എക്‌സിം എന്നീ കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണമാണ്  ഇന്നലെ സി.ബി.ഐ പരിശോധിച്ചത്. കഴിഞ്ഞകൊല്ലം ഇക്വാസ് എന്ന കമ്പനി 755 കോടി വിറ്റുവരവ് പരസ്യപ്പെടുത്തിയതാണ് കോഴപ്പണം നീക്കിയതു സംബന്ധിച്ച ചില സൂചനകള്‍ സി.ബി.ഐ.ക്ക് ലഭിച്ചത്. ഇക്കാര്യം രാജയോട് സി.ബി.ഐ ചോദിച്ചു.

ചെന്നൈയിലെ റിയല്‍എസ്‌റ്റേറ്റ് കമ്പനികളില്‍ രാജയുടെ ഭാര്യക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള ഓഹരികളും സി.ബി.ഐ.യുടെ ചോദിച്ചറിഞ്ഞിരുന്നു. രാജയുടെ ഡല്‍ഹിയിലെ ഔദ്യോഗികവസതിയില്‍നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ ചില മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയുംമറ്റും പേരുകളുണ്ടായിരുന്നു. ഇതിനെക്കുറിച്ചും സി.ബി.ഐ. രാജയോട് ചോദിച്ചു. കഴിഞ്ഞമാസമാണ് ടെലികോം ഇടപാടിലെ ആരോപണത്തെത്തുടര്‍ന്ന് രാജ മന്ത്രിസ്ഥാനം രാജിവെച്ചത്.

ചോദ്യം ചെയ്യലിനു മുന്‍പ്

2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് നവംബറില്‍ രാജ മന്ത്രിസ്ഥാനം രാജിവച്ചു. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് 1.76ലക്ഷം കോടിരൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടാക്കി എന്ന സി.എ.ജി റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇതിനു പിന്നിലെ വന്‍ അഴിമതി പുറത്തായത്.

രാജയുടെ വീടുകള്‍ സി.ബി.ഐ റെയ്ഡ് ചെയ്തു. ന്യൂദല്‍ഹിയിലെയും ചെന്നൈയിലേയും വീടുകളാണ് സി.ബി.ഐ റെയ്ഡ് ചെയ്തത്. അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് രാജ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായുള്ള എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നുപോകാന്‍ തയ്യാറാണ്. സി.ബി.ഐ അന്വേഷണത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡിനുശേഷം രാജയോട് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10.30ന് രാജ സി.ബി.ഐ ഓഫീസില്‍ ഹാജരായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.