ചെന്നൈ: എയര്‍സെല്‍ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട മാരന്‍ സഹോദരന്‍മാരായ ദയാനിധിമാരനെയും കലാനിധി മാരനെയും സിബിഐ ചോദ്യം ചെയ്തു. സണ്‍ ഗ്രൂപ്പ് സിഇഒ ആയ കലാനിധി മാരനെ തിങ്കളാഴ്ചയും മുന്‍ ടോലികോം മന്ത്രിയായ ദയാനിധി മാരനെ ബുധനാഴ്ചയുമാണ് സിബിഐ ചോദ്യം ചെയ്തത്.

എയര്‍സെല്‍ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ചോദ്യം ചെയ്തത്. കലാനിധിമാരനുമായി ബന്ധമുള്ള മാക്‌സിസിന് എയര്‍സെല്ലിന്റെ ഭൂരിഭാഗം ഓഹരികളും കൈമാറുന്നതുവരെ ടു ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നത് താമസിപ്പിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരായ ആക്ഷേപം.

മാര്‍കിസ് കമ്പനിയുടെ ഡയറക്ടറായ റാള്‍ഫ് മാര്‍ഷലിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയതിന് പിന്നാലെയാണ് സി.ബി.ഐയുടെ പുതിയ നീക്കം. കേസുമായി ബന്ധപ്പെട്ട് ദയാനിധിമാരന് ക്ലീന്‍ ചീട്ട് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ സി.ബി.ഐ വ്യക്തമാക്കിയിരുന്നു.