Categories

രാജയെ സി.ബി.ഐ ചോദ്യം ചെയ്ത് തുടങ്ങി

ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ.രാജയെ സി.ബി.ഐ സംഘം ചോദ്യം ചെയ്ത് തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് രാജയെ ചോദ്യം ചെയ്യാന്‍ വൈകിക്കുന്നതിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.

വാര്‍ത്താവിനിമയ വകുപ്പിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയാക്കിയ ശേഷം രാജയെ സി.ബി.ഐ ആസ്ഥാനത്തു വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി ഉന്നത ഭരണ നേതൃത്വത്തിന്റെ അനുമതി കാത്തിരിക്കുകയാണ് സി.ബി.ഐ.

അതിനിടെ രാജയുടെ ഉറ്റസുഹൃത്തും ചെന്നൈ ഗ്രീന്‍ ഹൗസ് എക്‌സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടറുമായ സാദിഖ് ബാഷയെയും ചോദ്യം ചെയ്തു. ബാഷ എം.ഡിയായ ഗ്രീന്‍ ഹൗസ് എക്‌സ്‌പോര്‍ട്‌സില്‍ രാജയുടെ ഭാര്യ എം.എ. പരമേശ്വരി നേരത്തേ ഡയറക്ടറായിരുന്നു. സ്‌പെക്ട്രം വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരമേശ്വരി ഗ്രീന്‍ ഹൗസിലെ പദവി രാജിവെച്ചത്.

രാജയുടെ വിശ്വയ്തരായിരുന്ന ടെലികമ്യൂണിക്കേഷന്‍സ് മുന്‍ സെക്രട്ടറി സിദ്ധാര്‍ഥ ബെഹ്യൂരിയ, ടെലികോം ബോര്‍ഡ് അംഗം കെ. ശ്രീധര്‍, ടെലികോം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എ.കെ. ശ്രീവാസ്തവ, രാജയുടെ പി. എസ് ആയിരുന്ന ആര്‍. കെ.ചന്ദോലിയ ഏന്നിവരെ സി.ബി.ഐ. വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തു.

രാജയുടെയും അടുത്ത ഉദ്യോഗസ്ഥരുടേയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 2003 മുതല്‍ ഇക്കൊല്ലം വരെ രാജ ഏഴുതിയ കുറിപ്പുകളും രാഷ്ട്രീയനേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കിയ കോഴയുടെ വിവരങ്ങള്‍ അടങ്ങിയ ഡയറികളും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.