പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റേയും മക്കളുടേയും മരണം സംബന്ധിച്ച കേസന്വേഷിക്കുന്ന സി.ബി.ഐ സംഘം ശശീന്ദ്രന്‍ വീട്ടില്‍ ശാസ്ത്രീയ പരിശോധന നടത്തി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്.പി എന്‍ രവീന്ദ്രനാഥന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഇവരൊടൊപ്പം തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ രാജേന്ദ്രസിംഗിന്റെ നേതൃത്തിലുള്ള ഫോറന്‍സിക് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

കൂട്ടമരണം നടന്ന മുറിയില്‍ സംഘം ശാസ്ത്രീയ പരിശോധനകള്‍ നടത്തി. മൃതദേഹങ്ങള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ കയര്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കും. കയറിലുണ്ടായ മര്‍ദം പരിശോധിക്കും. ശശീന്ദ്രന്റേയും മകളുടേയും മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇന്നത്തെ പരിശോധനകളിലൂടെ വ്യക്തമാകും.

ഇന്നലെ സി.ബി.ഐ സംഘം കൊല്ലങ്കോട്ടുള്ള ശശീന്ദ്രന്റെ തറവാട്ടുവീട്ടിലെത്തി ഭാര്യ ടീനയുടേയും കുടുംബാംഗങ്ങളുടേയും മൊഴിയെടുത്തിയിരുന്നു. ശശീന്ദ്രനെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും കരാറുകാരനും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ടീന സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മലബാര്‍ സിമന്റ്‌സ് എം.ഡി സുന്ദരമൂര്‍ത്തി, പി.എ സൂര്യനാരായണന്‍, വ്യവസായി വി.എം രാധാകൃഷ്ണന്‍ എന്നിവരെ പ്രതികളാക്കി സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.