ഭോപ്പാല്‍: വിവരാവകാശ പ്രവര്‍ത്തക ഷെഹ്‌ല മസൂദിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്ന സംഭവം സി.ബി.ഐ അന്വേഷിക്കും. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

വ്യാഴാഴ്ചയാണ് ഷെഹ്‌ല വെടിയേറ്റ് മരിച്ചത്. വളരെ അടുത്തുനിന്നാണ് വെടിവെച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഷെഹ്‌ലയുടെ ബന്ധുക്കളും ഇക്കാര്യം ശരിവച്ചിരുന്നു. വീട്ടില്‍ നിന്നും കാറിലേക്ക് കയറി ഡ്രൈവ് ചെയ്യാനൊരുങ്ങുമ്പോഴാണ് ഷെഹ്‌ലയ്ക്ക് വെടിയേറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

താഴ്ന്ന കുടുംബത്തില്‍പ്പെട്ടയാളുകളായതിനാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ഷെഹ്‌ലയുടെ അച്ഛന്‍ സുല്‍ത്താന്‍ മസൂദ് പറയുന്നു. കൂടാതെ ഐ.പി.എസ് ഓഫീസറായ പവാന്‍ ശ്രീവാസ്തവയില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഷെഹ് ല ലോകായുക്തക്ക് പരാതി നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.