കൊച്ചി: കാസര്‍ഗോഡ് വെടിവെയ്പ്പ് കേസ് സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതോടെയാണിത്. ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കി.

2009 നവംബര്‍ 15ന് കാസര്‍ഗോഡ് നടന്ന കലാപത്തില്‍ മുസ്‌ലീം ലീഗ് പ്രവര്‍ത്തകനായ ഷഫീഖ് മരിച്ചിരുന്നു. ഷഫീഖിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് മുസ്തഫാ ഹാജി ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് ഹരജി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സി.ബി.ഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ തീരുമാനത്തിനെതിരെ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് അപ്പീല്‍ പിന്‍വലിക്കാന്‍ അനുവദിച്ച കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പോലീസ് സൂപ്രണ്ടായിരുന്ന രാംദാസ് പോത്തന്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവെച്ചതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.