എഡിറ്റര്‍
എഡിറ്റര്‍
ബിഷപ് കെ.പി യോഹന്നാനും ബിലീവേഴ്‌സ് ചര്‍ച്ചിനുമെതിരേ അന്വേഷണം
എഡിറ്റര്‍
Wednesday 6th June 2012 12:33pm

പാലക്കാട്: ബിഷപ് കെ.പി യോഹന്നാനും ബിലീവേഴ്‌സ് ചര്‍ച്ചിനുമെതിരേ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിവരാവകാശ പ്രവര്‍ത്തകന്‍ എ.എം വര്‍ഗീസ് ഹൈക്കോടതിയില്‍ 2010 ആഗസ്ത് 20നു ഫയല്‍ ചെയ്ത റിട്ട് പെറ്റീഷന്‍ പരിഗണിക്കവേ തിങ്കളാഴ്ചയാണ് മെയ് 16ന് അന്വേഷണത്തിന് ഉത്തരവിട്ട കാര്യം ആഭ്യന്തരവകുപ്പ് അഡീഷനല്‍ സെക്രട്ടറി പരമേശ്വരകുമാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

സ്ഥാപനത്തിനും നടത്തിപ്പുകാരനുമെതിരേ ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫന്‍സ് വിഭാഗം അന്വേഷണം നടത്തുമെന്നും ഇദ്ദേഹം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. യോഹന്നാനും അദ്ദേഹം നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റും വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചു വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും വന്‍തോതില്‍ ഭൂമിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാങ്ങിക്കൂട്ടുന്നതായും വര്‍ഗീസ് സംസ്ഥാന സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ടു ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ വാങ്ങിയതായും കണ്ടെത്തിയിരുന്നു. കേസ്  കേന്ദ്ര ആഭ്യന്തരവകുപ്പ് നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറി കേന്ദ്രമന്ത്രി പി ചിദംബരത്തിന് വിശദമായ കത്തയച്ചിരുന്നു. ഇതോെടാപ്പം സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി എസ് ഗോപിനാഥ് 2008 ജൂണ്‍ മൂന്നിനു സമര്‍പ്പിച്ച വിശദമായ അന്വേഷണ റിപോര്‍ട്ടും  വച്ചിരുന്നു. എന്നാല്‍, നാലുവര്‍ഷം കഴിഞ്ഞിട്ടും തുടര്‍ നടപടികളുണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യോഹന്നാനും ട്രസ്റ്റുകളും നടത്തുന്ന മുഴുവന്‍ ഇടപാടുകളും സി.ബി.ഐ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

ട്രസ്റ്റുകള്‍ ഭൂപരിഷ്‌കരണനിയമം, ഭൂവിനിയോഗനിയമം, ഫെറാനിയമം എന്നിവയെല്ലാം ലംഘിക്കുന്നതായി ഹരജിയില്‍ പറഞ്ഞിരുന്നു. ഹരജിയില്‍ സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. അതനുസരിച്ച് 16 പേജ് വരുന്ന വിശദമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയത്.

സംസ്ഥാനത്ത് ബിലീവേഴ്‌സ് ചര്‍ച്ചിന് 10,000 ഏക്കര്‍ ഭൂമിയുണ്ട്. ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് 7,000 ഏക്കര്‍ ഭൂമിയുമുണ്ട്. ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റിനു മാത്രം 1991 മുതല്‍ 2008 വരെ 572,06,00,587 രൂപയുടെ വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ട്. 2002 മുതല്‍ 2008 വരെ ബിലീവേഴ്‌സ് ചര്‍ച്ചിന് 472,02,71,753 രൂപയും വിദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്. രണ്ടു ട്രസ്റ്റുകള്‍ക്കും കൂടി 2008 മുതല്‍ 2011 ഡിസംബര്‍ 31 വരെ 500 കോടി രൂപയും ലഭിച്ചിട്ടുണ്ട്. അമേരിക്ക മുതല്‍ ഇസ്രായേല്‍ വരെയുള്ള രാജ്യങ്ങളില്‍ നിന്നാണിതു ലഭിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ 2263 ഏക്കര്‍ വരുന്ന മണിമല ചെറുവള്ളി എസ്റ്റേറ്റ്, കാന്തപുരം സുന്നിവിഭാഗം ആരംഭിക്കാനിരുന്ന മാള കമാലിയ മെഡിക്കല്‍ കോളജിന്റെ സ്ഥലം, കെട്ടിടം എന്നിവയെല്ലാം ഇപ്പോള്‍ ഈ ട്രസ്റ്റുകളുടെ കൈകളിലാണ്.

ഇതിനുപുറമേ യോഹന്നാന്‍ സ്വന്തമായി സുവിശേഷ റേഡിയോയും ടെലിവിഷന്‍ ചാനലും നടത്തിവരുന്നുണ്ട്.  സുവിശേഷത്തിന്റെ മറവില്‍ വന്‍ ഭൂമിവാങ്ങലും മറ്റുമാണു നടക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ ഹൈക്കോടതി അടുത്ത ദിവസം വിധി പറയും.

Advertisement